District News
മങ്കട : റോഡ് തകര്ന്ന് കുഴികള് രൂപപ്പെട്ടതിനാല് തിരൂര്ക്കാട് - ആനക്കയം ദേശീയപാതയില് യാത്രക്ലേശം.
വാഹനങ്ങള്ക്ക് കടന്നുപോകാനാകാത്ത വിധം കുഴികള് രൂപപ്പെട്ട റോഡില് ഒരു കോടി രൂപ ചെലവില് ക്വാറി വേസ്റ്റ് നിരത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഏതാനും ദിവസങ്ങള്ക്ക് മുമ്പ് മുഖ്യമന്ത്രി മങ്കടയില് എത്തിയപ്പോള് വീണ്ടും കുഴികള് താല്ക്കാലികമായി നികത്തിയിരുന്നു.
മഴ പെയ്തതോടെ തിരൂര്ക്കാട്, അരിപ്ര, മങ്കട, ആയിരനാഴിപടി, വള്ളിക്കാപറ്റ എന്നിവിടങ്ങളില് ആഴമേറിയ കുഴികള് വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. പഴയ അവശിഷ്ടങ്ങള് നീക്കം ചെയ്യാതെ അശാസ്ത്രീയമായി റോഡുകളില് ടാറിങ് നടത്തുകയാണ് പിന്നീട് ചെയ്തത്.
മുന് ഇടതുപക്ഷ സര്ക്കാര് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ബി എംബിസി പ്രവൃത്തിക്കായി റോഡുകള് ഇപ്പോള് പൊളിച്ചിട്ടിട്ടുണ്ട്. തന്മൂലം പൊടി ശല്യവും യാത്രാ ബുദ്ധിമുട്ടും വര്ധിച്ചിരിക്കുകയാണ്. ദിവസങ്ങള്ക്ക് മുമ്പ് പൊളിച്ചിട്ടതിനാല് പാതയോരത്തുള്ള വ്യാപാരികളും കാല്നടയാത്രക്കാരും കടുത്ത പ്രയാസത്തിലാണ്. കടന്നമണ്ണ പഞ്ചായത്ത്പടി മുതല് യുകെ പടി വരെ മാത്രമാണ് പ്രവൃത്തി നടത്തുക. എന്നാല് യാത്രാദുരിതം അടിയന്തരമായി പരിഹരിക്കമെന്നാണ് ജനങ്ങള് ആവശ്യപ്പെടുന്നത്.
District News
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസൽ രണ്ടാം മൈലിനു സമീപം വിള്ളൽ രൂപപ്പെട്ടു. ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്ന കരടിപ്പാറക്കു സമീപമാണ് റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പ്രദേശത്തുകൂടിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വലിയ വാഹനങ്ങൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മേഖലയിൽ കർശനമായി നിയന്ത്രണം ഉണ്ടാകും. രാത്രികാലങ്ങളിലും നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ചെറുവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടിമാലി ഭാഗത്തുനിന്നു മൂന്നാർ മേഖലയിലേക്കു പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി മൂന്നാറിലേക്കു പോകണം. മൂന്നാറിൽനിന്നു വരുന്ന വാഹനങ്ങൾ രണ്ടാം മൈലിൽനിന്നു തിരിഞ്ഞ് ആനച്ചാൽ വഴി അടിമാലി ഭാഗത്തേക്കു പോകണം.
വാഹനങ്ങളെ നിയന്ത്രിച്ച് വഴിതിരിച്ചു വിടുന്നതിനായി ഇരുട്ടുകാനത്തും രണ്ടാംമൈലിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും തൊഴിലാളികളെ നിയോഗിച്ചും വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ട്. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഗതാഗതത്തിനു പൂർണമായും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
District News
തുറവൂർ: ദേശീയപാത വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന തുറവൂരിൽ കാൽനടയാത്രക്കാർ നേരിടുന്നത് കടുത്ത ദുരിതം. തുറവൂർ താലൂക്ക് ആശുപത്രി, യുപി സ്കൂൾ, ആരാധനാലയങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് സുരക്ഷിതമായ നടപ്പാതകളില്ലാത്തത് അപകടഭീഷണി വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആലക്കാപറമ്പ് ഭാഗത്തുനിന്ന് തുറവൂർ കവല, താലൂക്ക് ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവർ നിലവിൽ റോഡരികിലെ കാനയുടെ മുകൾഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഈ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി പറയുന്നു. ചിലയിടങ്ങളിൽ മണ്ണ് കൂട്ടിയിട്ടതും കുറ്റിച്ചെടികൾ വളർന്നതും യാത്ര കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
ആലക്കാപറമ്പ് മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥിതിയാണ്.
ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയ്ക്കുന്നതിനായി തുറവൂർ ക്ഷേത്രത്തിന് സമീപമുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പ് താത്കാ ലികമായി കവലയുടെ വടക്കുഭാഗത്തേക്കും സ്വകാര്യ ബസ് സ്റ്റോപ്പ് കവലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും മാറ്റണമെന്നാണ് നാട്ടുകാരുടെ നിർദേശം. കൂടാതെ ഇരുചക്ര വാഹനങ്ങൾ ആലക്കാപറമ്പ് റോഡിലൂടെ പടിഞ്ഞാറോട്ട് തിരിച്ചുവിട്ട് സമാന്തര റോഡിലൂടെ തുറവൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം കടന്ന് തുറവൂർ–ചാവടി റോഡിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലുള്ള ഗതാഗത ക്രമീകരണം പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.
ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്ത് അടിയന്തര പരിശോധന നടത്തി കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽവച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്.
തിങ്കൾ രാത്രി 10.15നായിരുന്നു അപകടം. ബൈക്കിൽ ഒപ്പം സഞ്ചരിച്ച അനിക്ക് ഗുരുതര പരുക്കേറ്റു. ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വിനോദ് മരിച്ചു.
വിനോദും അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല, ഇത് അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
District News
പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വീണ്ടുമൊരു ദുരന്തത്തിനു വഴിവയ്ക്കുമെന്ന് ആശങ്ക. ദേശീയപാതയിലെ ഗതാഗതതടസത്തിനൊപ്പം അപകടങ്ങൾക്കും ഇത് ഇടയാക്കുന്നു.
ടോൾ ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പും ശേഷവുമുള്ള പാതയോരങ്ങളിലും സർവീസ് റോഡുകളിലുമാണ് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾനിർത്തിയിടുന്നത്.
റോഡിന്റെ പ്രധാനഭാഗങ്ങൾകൂടി കൈയേറി പാർക്ക് ചെയ്യുന്നതോടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വാഹനങ്ങളുടെ സുഗമമായ നീക്കം തടസപ്പെടുന്നു. ടോൾ പ്ലാസയ്ക്കു സമീപം പാർക്ക് ചെയ്യുന്ന ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഇടംപോലും പരിമിതപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.
തിരക്കേറിയ സമയങ്ങളിൽ ഇവിടെ യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾപോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന സംഭവങ്ങൾ പലപ്പോഴായി ഉണ്ടായി. ടോൾ പ്ലാസയ്ക്കു സമീപത്തെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം സൗകര്യം ഒരുക്കുകയും ദേശീയപാതയോരത്തെയും സർവീസ് റോഡുകളിലെയും അനധികൃത പാർക്കിംഗ് കർശനമായി തടയുകയും വേണമെന്നാണ് ആവശ്യം.
District News
ചാത്തന്നൂര്: ചെറിയൊരു മഴ പെയ്താല് പോലും ചാത്തന്നൂര് ജംഗ്ഷനില് ദേശീയപാത മുങ്ങി കടകളില് വെള്ളം കയറുന്നതിനും യാത്രാ ദുരിതത്തിനും ശാശ്വത പരിഹാരത്തിന് പദ്ധതി. ചാത്തന്നൂര് ജംഗ്ഷനിലെയും പരിസരങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 5.42 കോടി ചെലവഴിച്ചുള്ള ഓട നിര്മാണ പദ്ധതിക്ക് അനുമതി ലഭിച്ചു.
ദേശീയപാത 66ന്റഎ വികസനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില് രൂപപ്പെട്ട വെള്ളക്കെട്ടുകള്ക്ക് പരിഹാരം കാണാന് ദേശീയപാത അഥോറിറ്റിയുടെ പ്രത്യേക വിഹിതത്തില് നിന്നാണ് തുക അനുവദിച്ചത്. നിരന്തരം വെള്ളക്കെട്ടുണ്ടാകുന്ന ദേശീയപാതയോരത്തെ ചാത്തന്നൂര് പഞ്ചായത്ത് പ്രദേശത്തുള്ള പ്രധാനപ്പെട്ട ഒമ്പതു സ്ഥലങ്ങളില് ആധുനിക രീതിയിലുള്ള ഓടകള് നിര്മിക്കും. ചാത്തന്നൂര് തിരുമുക്ക് മുതല് ശീമാട്ടി ജംഗ്ഷന് വരെ വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് ഓട നിര്മാണം. വെള്ളം സുഗമമായി ഒഴുക്കിക്കളയാന് ശേഷിയുള്ള വലിയ ഓടകളാണ് നിര്മിക്കുന്നത്.
നിര്മാണം ഉടന് ആരംഭിക്കും. മറ്റു ഭാഗങ്ങളില് ചാത്തന്നൂര് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നിര്മാണം.
വെള്ളം കെട്ടിനിന്ന് ഗതാഗതത്തിനും കടകള്ക്കും യാത്രക്കാര്ക്കും ബുദ്ധിമുട്ടാവുന്നത് ഒഴിവാക്കാന് ചാത്തന്നൂര് തോട്ടിലേക്ക് സുഗമമായി വെള്ളം ഒഴുകിപോകുന്ന രീതിയില് ഓടകള് നിര്മിക്കും. ദേശീയപാത നിര്മാണം ആരംഭിച്ചത് മുതല് മഴ പെയ്താല് കടുത്ത വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.
വെള്ളം ഒഴുകിപ്പോയിരുന്ന കലുങ്കുകള് നീക്കിയശേഷം പാത വികസനം ആരംഭിച്ചതോടെ ദേശീയപാത മുങ്ങി കടകളില് വെള്ളം കയറുന്നതും ഗതാഗതം തടസപ്പെടുന്നതും പതിവായിരുന്നു. ഇതുകാരണം വ്യാപാരികള് വലിയ നഷ്ടമാണ് നേരിടുന്നത്. ഓട നിര്മാണം പൂര്ത്തിയാകുന്നതോടെ ചാത്തന്നൂരിലെ വര്ഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി പറഞ്ഞു.
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്
വെള്ളക്കെട്ട് ഒഴിവാകുന്നതോടെ ദേശീയപാതയിലെ ഗതാഗത സ്തംഭനം ഒഴിവാകും. കടകളിലേക്ക് വെള്ളം കയറുന്നത് തടയാന് സാധിക്കും. കാല്നടയാത്രക്കാര്ക്കും ഇരുചക്രവാഹന യാത്രക്കാര്ക്കും മഴക്കാലത്ത് സുഗമമായി സഞ്ചരിക്കാന് കഴിയും. ഓടകള് നവീകരിക്കുന്നതോടെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് തടയാനാകും.
ഓട നിര്മിക്കുന്ന സ്ഥലങ്ങള്, അടങ്കല് തുക
ചാത്തന്നൂര് കനറ ബാങ്കിന് എതിര്വശം- 380 മീറ്റര്. തുക: 1,70,12,000.ശീമാട്ടി ജംക്ഷന് -160 മീറ്റര്. - 43,98,000. തിരുമുക്ക്- 110 മീറ്റര്. തുക 33,20,000. പഴയ എസ്ബിഐ-306 മീറ്റര്- 90,75,000 രൂപ. പുതിയ എസ്ബിഐ- 260 മീറ്റര്- തുക 76,70,000 രൂപ.
കോണ്ക്രീറ്റ് ഓടകളാണ് നിര്മിക്കുക. ചാത്തന്നൂര് ഗവ. ഹൈസ്കൂള് ജംക്ഷനിലെ ഓട. ഹോട്ടല് സേവ്യറിനു സമീപം-120 മീറ്റര്. തുക 24,16,000. സീതാറാം ജംഗ്ഷന് 110 മീറ്റര്. തുക 21,80,000. ഊറാംവിള കെഎസ്ആര്ടി സി ജംഗ്ഷന് - 200 മീറ്റര്. 59,94,000. കാഞ്ഞിരംവിള ക്ഷേത്രത്തിനു സമീപം- 115 മീറ്റര്. തുക 21,35,000 രൂപ.
നിര്മാണം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുക. ഇതിന്റെ കരാര് അംഗീകരിച്ചു. നിര്മാണം ഉടന് ആരംഭിക്കും. മറ്റു ഭാഗങ്ങളില് ചാത്തന്നൂര് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നിര്മാണം.
District News
അടൂർ: ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാതയുടെ ഭാഗമായ അടൂർ - തട്ട -പത്തനംതിട്ട റോഡിൽ പന്നിവിഴ ഭാഗത്ത് റോഡരികിൽ നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. കനാൽ പാലത്തിനു സമീപം മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് പടർന്നുനിൽക്കുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്.
തിരക്കേറിയ റോഡിലൂടെ രാപകൽ വ്യത്യാസമില്ലാതെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നത് അപകടങ്ങൾക്കു കാരണമാകും.
അടൂർ മേഖലയിൽ ഇരുചക്രവാഹന യാത്രക്കാർക്ക് മുകളിലേക്ക് മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് അപകടങ്ങളും മരണങ്ങളും മുന്പുണ്ടായിട്ടുണ്ട്. റോഡിന്റെ ഉടമസ്ഥാവകാശം നിലവിൽ ദേശീയപാത അഥോറിറ്റിക്കായതിനാൽ പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ വിഷയങ്ങളിൽ ഇടപെടാറില്ല.
National
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്.
എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റിന്റെ ലഖ്നൗ സോണൽ ഓഫീസിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. അനധികൃതമായി നിർമ്മിച്ച പ്രത്യേക സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് വ്യാജ ടോൾ രസീതുകൾ സൃഷ്ടിച്ചാണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്.
ടോൾ പ്ലാസകൾ വഴി ശേഖരിക്കുന്ന പണം ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിംഗ് സംവിധാനത്തിൽ രേഖപ്പെടുത്താതെ, സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി വകമാറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു. എൻഎച്ച്എഐ രേഖകളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഈ വ്യാജ സോഫ്റ്റ്വെയർ ഉപയോഗം സ്ഥിരീകരിച്ചത്.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെക്കുറിച്ചും ടോൾ കരാറുകാർക്ക് ഇതിലുള്ള പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
District News
ചേര്ത്തല: റെയിൽവേ സ്റ്റേഷനു മുന്നില് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി സമരസമിതി പ്രതിനിധികൾ പി. പ്രസാദ് എംഎല്എയുടെ നേതൃത്വത്തിൽ ദേശീയപാത അഥോറിറ്റി അധികൃതമായി ചർച്ച നടത്തി. എറണാകുളത്തുള്ള പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലാണ് ചർച്ച നടന്നത്. കേരളത്തിൽ തന്നെ ദേശീയപാതയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന റെയിൽവേസ്റ്റേഷനാണ് ചേർത്തല.
പാത ഇരട്ടിപ്പിക്കൽ നടപ്പിലാക്കുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാളുകൾ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കും. അടുത്തടുത്തുള്ള റെയിൽവേ ഗേറ്റുകളിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാൻ പോകുന്നത്. റെയിൽവേ സ്റ്റേഷന് മുൻവശം ഉയരപ്പാത അനുവദിച്ചില്ലെങ്കിൽ ദേശീയപാത വികസനം ചേർത്തലക്കാർക്ക് പ്രയോജനരഹിതമാകും.
ഇതുമായി ബന്ധപ്പെട്ട് പി. പ്രസാദ് എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ജനറൽ വി.കെ. സിംഗിനെ സന്ദർശിക്കുയും റെയിൽവേയുമായി ബന്ധപ്പെട്ടുള്ള ഭൂമി പ്രശ്നം തീർക്കുന്ന മുറയ്ക്ക് സ്റ്റേഷനിലേക്കുള്ള വഴി അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനു മുൻവശം ഉയരപ്പാത നിർമിക്കണമെന്ന എംഎൽഎയുടെ ആവശ്യം ശുപാർശയോടെ അനുതിക്കായി ദേശീയപാത അഥോറിറ്റിക്ക് സമർപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പുനൽകി.
ചേർത്തല താലൂക്ക് ഗവ. ആശുപത്രി, ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ചേർത്തല കാർത്ത്യാനി ദേവീക്ഷേത്ര ആറാട്ട് എന്നിവയ്ക്കായി സുഗമമായ പാത ഒരുക്കുന്നതിന് പോലീസ് സ്റ്റേഷൻ പരിസരത്ത് ദേശീയപാതയ്ക്ക് കുറുകെ വഴിയൊരുക്കണമെന്ന ആവശ്യത്തിന് എക്സറേ ജംഗ്ഷനിൽ നേരത്തെ അനുവദിച്ചിരുന്ന മൂന്നു സ്പാനിന്റെ ഫ്ലൈ ഓവർ ഒമ്പത് സ്പാനിന്റേതാക്കി ഉയർത്താമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പുനൽകി.
ഹൈവേ പാലം വരെ ഫ്ലൈഓവർ അനുവദിക്കുന്നതിനും നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് റാമ്പ് നിർമിക്കുന്നതും പരിഗണിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്താൻ തയാറാണെന്ന് പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചു.
ചർച്ചയിൽ എംഎൽഎയോടൊപ്പം ചേർത്തല നഗരസഭാ ചെയർമാന് എസ്. സോബിൻ, വൈസ് ചെയർപേഴ്സൺ എൻ.എ. വത്സലകുമാരി, കൗൺസിലർമാരായ ടെസി ബോണി, കെ.സി. ആന്റണി, ഡി. ജ്യോതിഷ്, ആക്ഷൻ കൗൺസിൽ നേതാക്കളായ ശിവൻപിള്ള, ഷമ്മി ജോസഫ്, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
District News
കൊച്ചി: ചിലവന്നൂര് ബണ്ട് റോഡിനെ ദേശീയ പാതയുമായി കൂട്ടിമുട്ടിക്കാനുള്ള 200 മീറ്റര് റോഡിന്റെ നിര്മാണം മൂന്നുപതിറ്റാണ്ടായിട്ടും പ്രാവര്ത്തികമായില്ലെന്ന പരാതി പരിഹരിക്കുന്നതിന് ജിസിഡിഎയും കൊച്ചി കോര്പറേഷനും ഒരാഴ്ചക്കുള്ളില് സംയുക്ത പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇരു സ്ഥാപനങ്ങളിലെയും എക്സിക്യൂട്ടീവ് എന്ജിനീയര്മാര് സ്ഥലപരിശോധനയില് പങ്കെടുത്ത് പരിഹാരമാര്ഗങ്ങള് നിര്ദ്ദേശിക്കുന്ന റിപ്പോര്ട്ട് ജില്ലാ കളക്ടര്ക്ക് സമര്പ്പിക്കണം.
ഇതിനുശേഷം ജിസിഡിഎ, കോര്പ്പറേഷന് സെക്രട്ടറിമാരുടെയും സൂപ്രണ്ടിംഗ് എന്ജിനീയര്, എക്സിക്യൂട്ടീവ് എന്ജിനീയര് എന്നിവരുടെയും യോഗം ജില്ലാ കളക്ടര് വിളിച്ച ശേഷം റോഡ് നിര്മാണം പൂര്ത്തിയാക്കാന് കഴിയാത്തതിന്റെ യഥാര്ഥ കാരണം കണ്ടെത്തി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടോ എന്നും ഫണ്ട് കണ്ടെത്തേണ്ടതുണ്ടോ എന്നും പരിശോധിച്ച് റോഡ് നിര്മാണം പൂര്ത്തിയാക്കാനുള്ള കര്മപദ്ധതി ആറാഴ്ചക്കുള്ളില് ജില്ലാ കളക്ടര് കമ്മീഷനില് സമര്പ്പിക്കണം. റോഡ് പൂര്ത്തിയാക്കാനെടുക്കുന്ന ഏകദേശം സമയവും റിപ്പോര്ട്ടില് വ്യക്തമാക്കണമെന്നും കമ്മീഷന് ചെയര്പേഴ്സണ് ജസ്റ്റിസ് അലക്സാണ്ടര് തോമസിന്റെ ഉത്തരവില് പറയുന്നു.
ജിസിഡിഎ സെക്രട്ടറിയും കോര്പറേഷന് സെക്രട്ടറിയും ആറാഴ്ചക്കുള്ളില് പ്രത്യേകം റിപ്പോര്ട്ട് സമര്പ്പിക്കണം. കമ്മീഷനില് സമര്പ്പിക്കുന്നറിപ്പോര്ട്ടിനൊപ്പം സ്ഥല പരിശോധനാ റിപ്പോര്ട്ടും ചേര്ക്കണം.
ഒക്ടോബര് 23ന് പത്തടിപ്പാലം റസ്റ്റ് ഹൗസില് കമ്മീഷന് നടത്തുന്ന സിറ്റിംഗില് ജില്ലാ കളക്ടര്ക്ക് വേണ്ടി ആര്ഡിഒയും കോര്പറേഷന്, ജിസിഡിഎ സൂപ്രണ്ടിംഗ് എന്ജിനീയര്മാരും ഹാജരാകണമെന്നും നിര്ദേശിച്ചു. 200 മീറ്റര് റോഡ് പൂര്ത്തിയായാല് ദേശീയപാതയില് തൈക്കുടത്തെത്താന് എളുപ്പ മാര്ഗമാണ്. പത്രവാര്ത്തയുടെ അടിസ്ഥാനത്തില് സ്വമേധയാ രജിസ്റ്റര് ചെയ്ത കേസിലാണ് ഉത്തരവ്.
District News
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര -ദിണ്ഡിക്കൽ ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള റോഡിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും റോഡിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്.
റോഡിന്റെ രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയും പല ഭാഗങ്ങളിലും മണ്ണിടിഞ്ഞും ഒന്പതു മണിക്കൂറിലധികമാണ് ദേശീയപാതയിൽ ഗതാഗതം നിലച്ചത്. പെരുവന്താനം അമലഗിരിക്ക് മുകൾഭാഗത്തുനിന്നുമുണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയും പെരുവന്താനം മേലോരം റോഡും തകർന്നു. മേഖലയിലെ കർഷകരുടെ ഏക്കർകണക്കിന് കൃഷിയാണു നശിച്ചത്. കടുവപ്പാറയ്ക്കു സമീപമുണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും ദേശീയപാതയിൽ വ്യാപക നാശനഷ്ടമുണ്ടായി. റോഡിന്റെ ടാറിംഗ് തകർന്നതിനൊപ്പം റോഡിന്റെ വശത്തെ സംരക്ഷണഭിത്തി പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
ഇതുകൂടാതെ റോഡിന്റെ പലഭാഗങ്ങളിലും ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. റോഡിന്റെ വശത്തെ സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറുകളും തകർന്നിട്ടുണ്ട്. കടുവാപ്പാറയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടൽ ഭാഗത്ത് ഇപ്പോഴും റോഡിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയാണ്. ഇത് റോഡ് വീണ്ടും തകരാൻ ഇടയാകുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ഉരുൾപൊട്ടലുണ്ടായ റോഡിന്റെ വശങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇത് അപകടഭീഷണി ഉയർത്തുകയാണ്. കനത്തമഴയും മൂടൽമഞ്ഞുമുള്ള സമയങ്ങളിലും വഴി പരിചയമില്ലാത്ത യാത്രക്കാർ രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിക്കുന്നതും അപകടങ്ങൾക്കിടയാക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ ദേശീയപാതയിൽ നിരവധി ഇടങ്ങളിലാണ് കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്.
ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി ഏതുനിമിഷവും നിലംപത്താവുന്ന അവസ്ഥയിൽ നിരവധി മരങ്ങളും പാതിയോരങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴിയുള്ള യാത്രയിൽ അപകടങ്ങളെക്കുറിച്ച് മുൻകരുതൽ ഉണ്ടാവുകയും അധികാരികൾ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.
District News
വടകര: ദേശീയപാത 66-ലെ അഴിയൂര്-വെങ്ങളം റീച്ചില് നിര്മാണ പ്രവൃത്തികള് ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ രൂക്ഷമായ യാത്രാദുരിതവും സംബന്ധിച്ച് ഷാഫി പറമ്പില് എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരിയെ നേരില് കണ്ടു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിര്മാണക്കമ്പനിക്ക് താക്കീത് നല്കാനും വീഴ്ച തുടര്ന്നാല് കരാര് ടെര്മിനേറ്റ് ചെയ്യുന്നത് ഉള്പ്പെടെയുള്ള കര്ശന നടപടികളിലേക്ക് കടക്കാനും കേന്ദ്രമന്ത്രി എന്എച്ച്എഐ അംഗങ്ങള്ക്കും ചെയര്മാനും നിര്ദ്ദേശം നല്കി.
വടകരയിലെ രൂക്ഷമായ യാത്രാ ദുരിതം, സര്വീസ് റോഡുകളുടെ തകര്ച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചില്, റോഡിലെ കുഴികള് എന്നിവ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എംപി കേന്ദ്രമന്ത്രിക്ക് മുന്നില് നേരിട്ട് കാണിച്ചു.
തുടര്ന്ന് വിഷയം ഏറെ ഗൗരവത്തോടെ കണ്ട കേന്ദ്രമന്ത്രി നിതിന് ഗഡ്കരി, എന്എച്ച്എഐന്റെ, കേരളത്തിന്റെ ചുമതലയുള്ള അംഗത്തെ ഓഫീസിലേക്ക് നേരിട്ടു വിളിച്ചുവരുത്തുകയും ചെയര്മാനെ ഫോണില് ബന്ധപ്പെടുകയും ചെയ്തു. ജനങ്ങളെ പ്രയാസപ്പെടുത്താന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു.
അഴിയൂര്-വെങ്ങളം റീച്ചില് തല്സ്ഥിതി വിലയിരുത്താന് എന്എച്ച്എഐ ചെയര്മാന്റെ നിര്ദ്ദേശപ്രകാരം ഇന്നലെ പരിശോധന നടന്നതായി ഉദ്യോഗസ്ഥര് മന്ത്രിയെ അറിയിച്ചു. ഈ പരിശോധനയുടെയും നിലവിലെ പ്രവൃത്തികളുടെയും കൃത്യമായ റിപ്പോര്ട്ട് സമര്പ്പിക്കാന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
District News
ചാരുംമൂട്: ഒടുവിൽ അധികൃതർ കണ്ണ് തുറന്നു. കാടുകയറിയതിനെത്തുടർന്ന് അപകടം വർധിച്ച കൊല്ലം-തേനി ദേശീയപാതയോരം ശുചീകരിക്കാൻ നടപടിയായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയോരം ശുചീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ദേശീയപാതയിലെ മാങ്കാംകുഴി-ചാരുംമൂട് റോഡാണ് ഇപ്പോൾ ശുചീകരിക്കുന്നത്.
കൊല്ലം-തേനി ദേശീയപാതയോരം കാടുകയറി അപകടസാധ്യത വർധിച്ചത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാതയോരം ശുചീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷയ്ക്കായി സ്ഥാപിച്ച സൂചനാബോര്ഡുകൾവരെ കാടുപിടിച്ച അവസ്ഥയായിരുന്നു. മുമ്പ് തൊഴിലാളികൾ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിലും ഇത് സമയബന്ധിതമായി നടത്താത്തതുമൂലം പാതയോരം പൂർണമായി കാട് കയറുകയായിരുന്നു. ഇതുമൂലം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയായിരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കി.
കൂടാതെ ഇടറോഡുകളിൽനിന്നു വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ദൂരെനിന്നു വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്തതും അപകടത്തിനിടയാക്കിയിരുന്നു. കൊല്ലം-തേനി ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് വെട്ടിയാർ പറക്കുളങ്ങര മുതൽ താമരക്കുളം വരെയുള്ള മേഖല. റോഡിന് മതിയായ വീതിയില്ലാത്തതിനാൽ കൊല്ലം-തേനി ദേശീയ പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. പറക്കുളങ്ങരയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതും പതിവാണ്. ദേശീയപാത 20 മീറ്റർ വീതിയിൽ നാലുവരി പാതയാക്കി മാറ്റാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും നടപടികൾ നീളുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.
District News
കുമളി: കേരള–തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ കേരള പോലീസ് സ്ഥാപിച്ച ടെന്റ് ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി.
റോഡിന്റെ പകുതിയോളം ഭാഗം കൈയേറി ടെന്റ് സ്ഥാപിച്ചിരിക്കുന്നതിനാൽ ഒരേസമയം ഒരു വാഹനത്തിന് മാത്രമാണ് ഇതുവഴി കടന്നുപോകാൻ കഴിയുന്നത്. ഇത് കുമളി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം.
കേരള–തമിഴ്നാട് അതിർത്തി വഴി ദിവസേന നൂറുകണക്കിന് ചരക്കുവാഹനങ്ങളും വിനോദസഞ്ചാര വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
എന്നാൽ, റോഡിന്റെ നടുവിലായി ടെന്റ് സ്ഥാപിച്ചതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാകുകയും ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി സ്ഥാപിച്ച ടെന്റിൽ മിക്ക സമയങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെയോ മറ്റു പരിശോധനാ സംഘങ്ങളെയോ കാണാറില്ലെന്നും ഇതു പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായാണ് ഇത് ഉപയോഗിക്കപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.
ടെന്റിനു സമീപം എക്സൈസ് ചെക്ക് പോസ്റ്റിനോടു ചേർന്ന് ആവശ്യത്തിന് സ്ഥലം ലഭ്യമായിരിക്കെ റോഡിലേക്ക് ഇറക്കി ടെന്റ് സ്ഥാപിച്ചതാണ് വിഷയം രൂക്ഷമാക്കിയതെന്നാണ് പ്രധാന ആരോപണം. ഇതുമൂലം തമിഴ്നാട്ടിൽനിന്ന് ചുരം കയറി എത്തുന്ന വാഹനങ്ങൾക്ക് കുമളി ടൗണിലൂടെ കടന്നുപോകാൻ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടസിഥിതിയാണ് ഉണ്ടായിരിക്കുന്നത്.
ടെന്റ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് അധികൃതർക്കു നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരിദേവനം. വിഷയത്തിൽ കുമളി പോലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം തൃപ്തികരമല്ലെന്നും ആക്ഷേപമുണ്ട്.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡിലെ ടെന്റ് ഉടൻ നീക്കം ചെയ്ത് അനുയോജ്യമായ സ്ഥലത്തേക്കു മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാരും വാഹന യാത്രക്കാരും ഉയർത്തുന്നത്.
District News
അടിമാലി: ദേശീയപാത 85ൽ അടിമാലി ടൗണിൽ നാലുവരിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിവൈഡർ നിർമാണത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ന് പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. അമ്പലപ്പടി വില്ലേജ് റോഡിൽനിന്ന് ഗവ. ഹൈസ്കൂൾ പരിസരം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. ഇത് വാഹനങ്ങൾക്ക് യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വ്യാപാരികൾ അടക്കമുള്ളവരുടെ ആശങ്ക പരിഹരിക്കുന്നതിനാണ് യോഗം ചേരുന്നത്.
ദേശീയപാതയിലേക്ക് ഇരുവശത്തുനിന്നുള്ള രണ്ട് റോഡുകൾ സംഗമിക്കുന്ന കവലയാണ് കാംകോ ജംഗ്ഷൻ. ഇവിടെ യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനുമുള്ള സൗകര്യം വേണമെന്നാണ് ആവശ്യം.
ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് ഓഫീസിൽ ഡീൻ കുര്യാക്കോസ് എംപി, എഫ്. രാജ എംഎൽഎ, എൻഎച്ച്എഐ പ്രോജക്ട് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
District News
തൃശൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്കുമാണു (പാലക്കാട്) നിർദേശം നൽകിയത്. ബുദ്ധിമുട്ട് ലഘൂകരിക്കാൻ വിവിധ അധികാരസ്ഥാനങ്ങളിൽനിന്ന് ഉത്തരവുകൾ ലഭിച്ചിട്ടും നിർമാണ കമ്പനികൾ അവ നടപ്പാക്കുന്നില്ല. പൊതുജനങ്ങളെ ബുദ്ധിമുട്ടിലേക്കു തള്ളിവിടുകയാണ്.
സർവീസ് റോഡുകളിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ യാത്ര ദുഷ്കരമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.
കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളുടെ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ കാരണമാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടാകാൻ കാരണമെന്നു പരാതിക്കാരനായ ഡെന്നി വെളിയത്ത് പറഞ്ഞു.
എന്നാൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതുപോലുള്ള പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു.
District News
ചാരുംമൂട്: കൊല്ലം -തേനി ദേശീയപാതയോരം കാടുകയറിയതിനെത്തുടർന്ന് അപകടം വർധിച്ചു. റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷയ്ക്കായി സ്ഥാപിച്ച സൂചനാബോര്ഡുകളില് വരെ കാടുപിടിച്ച അവസ്ഥയാണ്. മുമ്പ് തൊഴിലാളികൾ പാതയോരങ്ങളിലെ കാടുകൾ വെട്ടിത്തെ ളിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് നിലച്ചു.
പാതയോരം കാടുകയറിയതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് കയറിനടക്കേണ്ട അവസ്ഥയാണ്.
ഇത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. കൂടാതെ ഇടറോഡുകളിൽനിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ദൂരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്തതും അപകടത്തിനിടയാക്കുന്നു. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് വെട്ടിയാർ പറക്കുളങ്ങര മുതൽ താമരക്കുളം വരെയുള്ള മേഖല.
എന്നിട്ടും പാതയോരങ്ങളിലെ കാടുവെട്ടിത്തെളിക്കാൻ നടപടിയില്ല. റോഡിന് മതിയായ വീതിയില്ലാത്തതിനാൽ കൊല്ലം-തേനി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. ദേശീയപാത 20 മീറ്റർ വീതിയിൽ നാലുവരി പാതയാക്കി മാറ്റാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും ഇതിന്റെ നടപടികൾക്ക് വേഗതയില്ല.സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇപ്പോൾ നീളുകയാണ്.
District News
ചാവക്കാട്: ദേശീയപാത 66 ചാവക്കാട് മുതല് തങ്ങള്പ്പടിവരെ തകര്ന്ന് കിടക്കുന്ന ഒരു കിലോമീറ്റര് ദൂരം നവീകരിക്കുന്നതിന് നാഷണല് ഹൈവേ അഥോററ്റി1.63 കോടി രൂപ അനുവദിച്ചതായി എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് നാഷണല് ഹൈവേ വിഭാഗം റോഡ് നവീകരണം നടത്തും.
നാഷണല് ഹൈവേ 66 ല് ബൈപ്പാസായി മാറുന്ന ചാവക്കാട് - ചേറ്റുവ റോഡില് നവീകരിക്കാത്ത ചാവക്കാട് മുതല് തങ്ങള്പ്പടി വരെ വരുന്ന ഒരു കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത് . പ്രസ്തുത ഭാഗം നവീകരി ക്കുന്നതിന് ഫണ്ട് വകയിരുത്താത്ത സാഹചര്യത്തില് എംഎല്എ വിഷയം നാഷണല് ഹൈവേ അഥോററ്റിയെയും സംസ്ഥാന സര്ക്കാരിനെയും നിരവധിതവണ അറിയിച്ചിരുന്നതാണ്.
തുടര്ന്ന് നാഷണല് ഹൈവേ പ്രൊജക്ട് ഡയറക്ടര് സ്ഥലം സന്ദര്ശിച്ച് തുക അനുവദിക്കണമെന്ന് കാണിച്ച് നാഷണല് ഹൈവേ അഥോറിറ്റിക്ക് റിപ്പോര്ട്ട് നല്കി. ഫണ്ട് ലഭിക്കുന്നതിനു കാലതാമസം വന്ന സാഹചര്യ ത്തില് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ഉപയോഗിച്ച് കാന നിര്മിച്ചു.
District News
മൂന്നാര്: കൊച്ചി-ധനുഷ്കോടി ദേശീയപാതയില് പഴയ മൂന്നാര് സിഎസ്ഐ പള്ളിക്കു സമീപം ഭൂമിയില് വിള്ളല് കണ്ടെത്തിയ സംഭവത്തില് ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടര് ബിനു ജോസഫ്, ദേവികുളം സബ് കളക്ടര് വി.എം. ആര്യ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി.
ദേശീയപാതയോരം ചേര്ന്ന് സിഎസ്ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവില് 100 മീറ്റര് അധികം ദൂരത്താണ് ഭൂമിയില് വിള്ളല് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ജിയോളജി സംഘം നടത്തിയ പഠനത്തിനുശേഷമാണ് ജനങ്ങളുടെ സുരക്ഷ മുന്നിര്ത്തി പ്രദേശത്ത് മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണം വേണമന്ന് നിര്ദേശിച്ചത്. വരുന്ന 72 മണിക്കൂറുകള്ക്കുള്ളില് അപകടാവസ്ഥയിലുള്ള സ്ഥലത്തെ മണ്ണും കല്ലുകളും ദേശീയപാത അഥോറിട്ടി നീക്കം ചെയ്യും.
മണ്ണ് എടുത്തുമാറ്റി ചരിവ് കൂടുതല് സുരക്ഷിതമാക്കാനാണ് അധികൃതരുടെ ശ്രമം. ഇത്തരത്തില് പ്രവര്ത്തനങ്ങള് പൂര്ത്തിയായാല് വെള്ളിയാഴ്ചയോടെ ദേശീയപാത വീണ്ടും പൊതുജനങ്ങള്ക്കായി തുറന്നുകൊടുക്കാന് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇതിനായി മേഖലയില് മണ്ണെടുക്കല് ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് ദേശീയപാത അധികൃതര് ആരംഭിച്ചു. ഇതേ സ്ഥലത്ത് അപകടഭീഷണി ഉയര്ത്തുന്ന ആറു മരങ്ങള് മുറിച്ചുമാറ്റാന് നിര്ദേശം നല്കിയതായി ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടര് ബിനു ജോസഫ് അറിയിച്ചു.
ഇതേസമയം ദേശീയപാത അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പള്ളിക്കു സമീപം വലിയ വിള്ളല് ഉണ്ടാകാന് കാരണമായതെന്നും ഇതില് കൃത്യമായ പരിശോധനകള് നടത്തണമെന്നും പള്ളിക്കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ൽ വൻ സുരക്ഷാ വീഴ്ച. ചേർത്തല പതിനൊന്നാം മൈലിൽ നിർമാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് നടുവിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി, ഉദ്ഘാടനത്തിലേക്ക് അടുക്കുന്ന ഫ്ലൈ ഓവറിലാണ് ഈ അപകടകരമായ സാഹചര്യം ഉണ്ടായിരിക്കുന്നത് എന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പാലത്തിന്റെ സ്ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് കോൺക്രീറ്റ് അടർന്നുമാറി താഴേക്ക് വലിയ കുഴി രൂപപ്പെട്ടത്. മേൽപ്പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ച് വലിയ രീതിയിലുള്ള സംശയങ്ങളും ജനരോഷവും ഉയർത്തുന്നതാണ് ഈ സംഭവം. ദേശീയപാത വികസനത്തിന്റെ ഭാഗമായി അതിവേഗം നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ അപാകതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിവരം അറിഞ്ഞതിനെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമാണ കമ്പനി പ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. ഗർത്തം രൂപപ്പെട്ട ഭാഗത്ത് താത്കാലികമായി ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി പാലത്തിന്റെ ഘടന സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
District News
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത (766) വികസനത്തെ അട്ടിമറിച്ച് കോഴിക്കോട് മുതൽ മുത്തങ്ങ വരെ ബൈപാസ് നിർദ്ദേശിച്ച് റൂട്ടിൽ മാറ്റം വരുത്താൻ നീക്കം നടക്കുന്നതായി ആരോപണം.
കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത നാലുവരി പാതയാക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നു തവണ ടെൻഡർ വിളിച്ചിട്ടും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. താമരശേരി, വയനാട് ചുരം, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ബൈപാസ് നിർദേശവുമായി ദേശീയപാത നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ മൂന്നു തവണ ടെൻഡർ നൽകിയിട്ടും നടപടിയാകാതെ കിടക്കുന്നത് ദേശീയപാതയുടെ റൂട്ട് തിരിച്ചു വിടുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നതായാണ് ആരോപണം.
കോഴിക്കോട് നിന്ന് മൈസൂർ വരെ നിലവിലുള്ള ദേശീയപാതയുടെ വികസനം തടസപ്പെടുത്തി ദേശീയപാത തിരിച്ചു വിടുന്നത് മൂലം ഈ രണ്ട് ജില്ലകളിലെയും പ്രധാന പട്ടണങ്ങായ കുന്നമംഗലം, കൊടുവള്ളി, താമരശേരി, ഈങ്ങാപ്പുഴ, അടിവാരം, ചുണ്ട, വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിൽ ഉണ്ടാവുന്ന പ്രത്യാഘാതം വലുതാണ്. ഈ പട്ടണങ്ങൾ ഒഴിവാക്കി സമാന്തരമായി ദേശീയപാത മേപ്പാടി വഴി തിരിച്ചു വിടുന്നതിനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയപാത നാലുവരിയാക്കുന്നതിനുള്ള ആദ്യ ടെൻഡർ ക്ഷണിച്ചത്. നേരത്തെയുള്ള അലൈൻമെന്റ് പുതുക്കൽ, മണ്ണ് പരിശോധന, ജിപിആർഎസ് സർവേ എന്നിവ നടത്തി ഡിപിആർ തയാറാക്കാനായിരുന്നു ടെൻഡർ ക്ഷണിച്ചത്. ഡൽഹി ആസ്ഥാനമായ സിവിൽ മന്ത്ര കരാർ കമ്പനി ടെൻഡർ നേടിയെങ്കിലും ഇത് കാൻസൽ ചെയ്ത് നാഷനൽ ഹൈവേ അതേറിറ്റി ഓഫ് ഇന്ത്യ വീണ്ടും ടെൻഡർ ക്ഷണിച്ചു.ആദ്യം ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാന് ആളില്ലെന്ന് പറഞ്ഞാണ് റദ്ദാക്കിയത്.
District News
ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാതയിലും അതിന്റെ ഭാഗമായി സമീപ റോഡുകളിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് സൗത്ത് ജംഗ്ഷനിലെ ഫ്ലൈഓവർ കോടതി ജംഗ്ഷനിലേക്ക് നീട്ടുകയോ, മുനിസിപ്പൽ ജംഗ്ഷനിൽ ചെറുവാഹനങ്ങൾക്ക് പോകാനുള്ള അണ്ടർപാസേജ് നിർമിക്കുകയോ വേണമെന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയംവഴി ദേശീയപാത അഥോറിറ്റിയോട് ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
വൈസ് ചെയർമാൻ കെ.വി. പോൾ അവതരിപ്പിച്ച പ്രമേയത്തെ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി എന്നിവർ പിന്താങ്ങി.
ഏറ്റവും തിരക്കേറിയ മാള റോഡ് ചാലക്കുടി ടൗണിലേക്ക് പ്രവേശിക്കുന്ന ഇവിടെ നിർമിച്ച അടിപ്പാത ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. നിലവിലുള്ള അടിപ്പാതയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും ഇത് ശാശ്വതമായ പരിഹാരമാവില്ലെന്നും വാഹനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുനിസിപ്പൽ ജംഗ്ഷനിൽ ഒരു പ്രവേശനമാർഗം ആവശ്യമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മിനി സിവിൽ സ്റ്റേഷനും കോടതി കോംപ്ലക്സും അനുവദിച്ച പുതിയ റവന്യു ടവറും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇരുഭാഗത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒന്നാം വാർഡിലെ റവന്യു പുറംമ്പോക്ക് കുളങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുംവിധം വിനോദ കേന്ദ്രങ്ങളാക്കാൻ അനുമതിനൽകണമെന്ന് സർക്കാരിനോടും ജില്ലാ കളക്ടറോടും ആവശ്യപ്പെടുന്ന, കൗൺസിലർ വി.ജെ. ജോജുവിന്റെ പ്രമേയവും കൗൺസിൽ അംഗീകരിച്ചു.
District News
കാസര്ഗോഡ്: പുതിയ ദേശീയപാതയില് ആദ്യ റീച്ച് നിര്മാണം പൂര്ത്തിയായി ഒരു വര്ഷത്തോളമാകുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് ബാക്കി രണ്ടു റീച്ചുകളും. തലപ്പാടി-ചെങ്കള റീച്ച് നിര്മാണം പൂര്ത്തിയാക്കി ഈവര്ഷം ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല് ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ച് നിര്മാണം അനന്തമായി നീളുകയാണ്. ചെങ്കള-നീലേശ്വരം റീച്ചിലെ ചെര്ക്കള-ചട്ടഞ്ചാല് പാതയില് പലതവണ മണ്ണിടിഞ്ഞ് ഗതാഗതം നിരോധിച്ചിരുന്നു. ഭീതിയോടെയാണ് ഇതുവഴി യാത്ര. ചെര്ക്കള മേല്പാലം നിര്മാണവും അനന്തമായി നീളുകയാണ്. വയഡക്ട്, ഓടനിര്മാണം പലയിടത്തും പൂര്ത്തിയാകാത്തതും ആശങ്കയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശീയപാതയില് ബേവിഞ്ച സ്റ്റാര് നഗര് മുതല് തെക്കില് പാലം വരെ മണ്ണിടിച്ചില്, വെള്ളക്കെട്ട്, മണ്ണൊലിപ്പുമുണ്ടായി.
ദേശീയപാത നിര്മാണക്കരാര് കമ്പനി രണ്ടു കലുങ്കാണ് പണിതത്. അതുതന്നെ പൂര്ത്തിയായിട്ടില്ല. ഈ ഭാഗങ്ങളിലെ മഴവെള്ളത്തിന്റെ ഒഴുക്ക് തടയുക പ്രായോഗികമല്ല. വെള്ളമൊഴുകിപ്പോകാന് സൗകര്യം വേണം. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുമോയെന്നു പഠിക്കേണ്ടി വരും. റോഡ് നിര്മാണവും പാതിവഴിയിലാണ്. പ്രത്യാഘാതം ശാസ്ത്രീയമായി പരിശോധിക്കാതെയും പരിഹരിക്കാതെയുമാണ് നിര്മാണം നടത്തുന്നതെന്ന പരാതിയുണ്ട്. കൃഷിയിടങ്ങളിലേക്കുള്ള തോടും നടവഴിയും നഷ്ടമായി ദുരിതപര്വത്തിലാണ് പൊള്ളക്കടയിലെ മുപ്പതോളം കുടുംബങ്ങള്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവര്ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന് ഇതുവരെ അധികൃതര് തയാറായിട്ടില്ല. കോണ്ക്രീറ്റ് പാര്ശ്വഭിത്തി നിര്മിച്ച് സര്വീസ് റോഡാക്കിയാല് പരിഹരിക്കാവുന്ന പ്രശ്നമാണിത്. പൊള്ളക്കടയിലെ ഏമ്പംകുണ്ട് തോടിന്റെ പാര്ശ്വഭിത്തി നിര്മിച്ച് സര്വീസ് റോഡ് നിര്മാണം മൂന്നു മാസം മുന്പ് തുടങ്ങിയെങ്കിലും ഇനിയും പൂര്ത്തിയാക്കാനായില്ല. തോടിന്റെ 60 മീറ്റര് ഭാഗമാണ് കോണ്ക്രീറ്റ് പാര്ശ്വഭിത്തി നിര്മിക്കേണ്ടത്. അതിനോട് ചേര്ന്നാണ് സര്വീസ് റോഡ് പണിയേണ്ടത്. നിലവില് 50 മീറ്റര് ഭാഗത്ത് മാത്രമാണ് പാര്ശ്വഭിത്തി നിര്മിച്ചിട്ടുള്ളത്.
ബാക്കിയുള്ള 10 മീറ്റര് ഭാഗത്ത് ഇപ്പോഴംഒന്നുമായിട്ടില്ല. ഓവുചാല് നിര്മാണവും പൂര്ത്തിയാക്കാനുണ്ട്. നിര്മാണ കമ്പനിയുടെ മെല്ലെപ്പോക്കാണ് നിര്മാണം ഇഴയാന് കാരണമെന്ന് പ്രദേശവാസികള് കുറ്റപ്പെടുത്തുന്നു. ഇവിടെ തോടിനു കുറുകെയുണ്ടായിരുന്ന പാലം മാറ്റിയതോടെ പ്രദേശവാസികള്ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു മാര്ഗവുമില്ല. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പൂര്ണമായും വെള്ളക്കെട്ടില് മുങ്ങിയിരുന്നു. മയിലാട്ടിക്കുന്നിലെ അനിയന്ത്രിതമായ മണ്ണെടുപ്പുമൂലം സര്വീസ് റോഡില് ഒഴുകിയെത്തുന്ന മണ്ണ് പ്രധാന പാതയിലുള്പ്പെടെ ചെളിക്കെട്ടിനു കാരണമാകുന്നുണ്ട്.
ദേശീയപാതയുടെ അരികില് തലയെടുപ്പോടെ നിന്നിരുന്ന മയിച്ചയിലെ വീരമല ഇപ്പോള് ഏതു സമയത്തും താഴേക്കു പതിക്കും എന്ന ആശങ്കയിലാണ് നില്ക്കുന്നത്.
പാതിയും ഇടിച്ച് മണ്ണ് കടത്തിക്കൊണ്ടുപോയ മലയുടെ ബാക്കിഭാഗം കനത്ത മഴയില് താഴേക്ക് പതിച്ചാലുണ്ടാകുന്ന ദുരിതം ചെറുതല്ല. കഴിഞ്ഞ കാലവര്ഷ സമയത്ത് സംരക്ഷണഭിത്തി പോലും തകര്ത്താണ് മല ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് അപകടങ്ങളില്ലാതെ പോയത്. ഈ അപകടത്തെത്തുടര്ന്ന് മല തട്ടുകളാക്കി മാറ്റണമെന്ന നിര്ദേശം വന്നു. ഇതിനായി കൂടുതല് ഭൂമി ഏറ്റെടുക്കണം. എന്നാല്, വനംവകുപ്പിന്റെ ഭൂമി വിട്ടുകിട്ടാനുള്ള നടപടികള് തുടരുന്നതേയുള്ളൂ. വീണ്ടും കാലവര്ഷം തുടങ്ങിയതോടെ കളക്ടര് ഇടപെട്ട് തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി വേഗത്തിലാക്കാനുള്ള നിര്ദേശം നല്കിയിരിക്കുകയാണ്. മലയെ തട്ടുകളാക്കി ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കുന്ന രീതിയാണ് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയില് ശക്തമായ മഴ പെയ്യുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
വീരമല കഴിഞ്ഞാല് പിന്നീട് ആശങ്ക ഉയര്ത്തുന്ന സ്ഥലമാണ് മട്ടലായി. ഇവിടെ പ്രധാന പ്രശ്നം റോഡിന്റെ വിള്ളലാണ്. പഴയ റോഡിന് സമീപത്ത് സമാന്തരമായി മണ്ണ് ഉയര്ത്തി നിര്മിച്ച റോഡില് രണ്ട് തവണ വിള്ളല് വീണതോടെ നാടാകെ ആശങ്കയിലാണ്. മണ്ണിന്റെ ഘടനയുടെ പ്രശ്നമാണ് ഇതെന്നാണ് വിലയിരുത്തല്. അതേസമയം നിര്മാണവേളയില് ഒരു തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ മട്ടലായിക്കുന്നില് സംരക്ഷണഭിത്തി വേണ്ടവിധത്തില് പൂര്ത്തീകരിക്കാത്തതും ആശങ്ക ഉയര്ത്തുന്നുണ്ട്.
District News
അമ്പലപ്പുഴ: ദേശീയപാത നിര്മാണത്തിലെ അപാകത പരിഹരിക്കാൻ 22ന് കളക്ടറേറ്റില് അവലോകനയോഗം വിളിച്ച് കെ.സി. വേണുഗോപാല് എംപി. ദേശീയപാത നിര്മാണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില് നിലനില്ക്കുന്ന പ്രശ്നങ്ങള് ചര്ച്ച ചെയ്യുന്നതിനും പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനുമായി രാവിലെ 11.30നാണ് അവലോകനയോഗം.
ഡിപിആറിലെ പോരായ്മകള്, രൂപകല്പ്പനയിലെ പിഴവ്, ഡ്രെയിനേജ് സംവിധാനത്തിലെ വീഴ്ച, വെള്ളക്കെട്ട്, നിര്മാണത്തിലെ അപാകതകള്, സര്വീസ് റോഡുകളുടെ അഭാവം തുടങ്ങി ദേശീയപാത നിര്മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള് യോഗം ചര്ച്ച ചെയ്യും. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്, വിവിധ വകുപ്പുകളുടെ മേധാവികള്, നിര്മാണ ചുമതലയുള്ള കരാറുകാര് ഉള്പ്പെടെ യോഗത്തില് പങ്കെടുക്കും.
പാത നിര്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളില്നിന്ന് വ്യാപക പരാതികള് ഉയരുന്ന സാഹചര്യത്തിലാണ് എംപി യോഗം വിളിച്ചത്.
District News
ചാവക്കാട്: ദേശീയപാത 66 സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു.
മണത്തല കെഎസ്ഇബി ഓഫീസിനുസമീപം അടുത്ത് സർവീസ് റോഡിന്റെ കിഴക്കുഭാഗത്താണ് ചതിക്കുഴി രൂപപ്പെട്ടത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണത്തല പള്ളിക്കുളംനികത്തിയ സ്ഥലത്താണ് ഗർത്തം രൂപപ്പെട്ടത്.
കുളം നികത്തുന്നതിന് ദേശീയപാത അധികൃതർ കരാർ നൽകിയവർ നിലവിലെ റോഡിലെ മുറിച്ചുമാറ്റിയ മരത്തടികളും തെങ്ങിൻ തടിയും കുറ്റികളും
കുളം തൂർക്കുന്നതിന് ഉപയോഗിച്ചിരുന്നു. ഇവ ദ്രവിച്ചുപോയതാവാം വലിയ ഗർത്തം രൂപപ്പെടാൻ കാരണമായതെന്ന് സമീപവാസികൾ പറയുന്നു.ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രക്കാർക്കാണ് കുഴി കൂടുതൽ ഭീഷണി.
Kerala
കൊല്ലം: നിർമാണ പുരോഗതിയിലുള്ള ദേശീയപാത 66ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡിൽ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയിൽ ഏകദേശം 10 മീറ്ററോളം നീളത്തിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ കരാർ കമ്പനിയെ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും ഘടനയെ ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിള്ളൽ കണ്ടെത്തിയതിനെതുടർന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാർ പൂർണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയിൽ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൻ ഓഫീസർ അറിയിച്ചു. ദേശീയപാത 66ന്റെ നിർമ്മാണത്തിനിടെ ഇത്തരത്തിൽ വിള്ളൽ രൂപപ്പെടുന്നത് ഇതാദ്യമല്ല.
മുൻപ് കാവനാട് ഭാഗത്തുള്ള ഉയരപ്പാതയിലും സമാനമായ രീതിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മേവറത്ത് നേരത്തേ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിലവിൽ പുതിയ തൂണുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
Kerala
പറവൂര്: കാലാവധി കഴിഞ്ഞിട്ടും റീടാറിംഗ് നടക്കാത്ത ദേശീയപാത 66ലെ കുണ്ടും കുഴികളും അപകടക്കെണിയാകുന്നു. എറണാകുളം വരാപ്പുഴ മുതല് മൂത്തുകുന്നം വരെയുള്ള റോഡില് നിരവധി സ്ഥലങ്ങളില് വലുതും ചെറുതുമായ കുഴികള് രൂപപ്പെട്ടതിനാല് വാഹന ഗതാഗതം അവതാളത്തിലാണ്.
മഴക്കാലമായതിനാല് കുഴികളില് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തില് കുഴിയുടെ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് അപകടത്തില്പ്പെടുന്നത്. വാഹനങ്ങള്ക്ക് മതിയായ വേഗത്തില് പോകാന് സാധിക്കാത്തതിനാല് സ്വകാര്യ ബസുകളുടെ സമയക്രമം തെറ്റി സര്വീസുകള് അവതാളത്തിലാവുകയുമായാണ്.
നിലവിലെ ദേശീയപാത നിര്മാണത്തിനുള്ള സാമഗ്രികളുമായി ടോറസ് ഉള്പ്പെടെയുള്ള നിരവധി ഭാരവാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. ഇതും റോഡിന്റെ തകര്ച്ചയ്ക്ക് ആക്കം കൂട്ടുകയാണ്.
2025 ഡിസംബറില് 12 കോടി രൂപ റീടാറിംഗിനായി അനുവദിച്ചിരുന്നുവെങ്കിലും മഴ ആരംഭിക്കുന്നതിനു മുമ്പ് ടെന്ഡര് നടപടികള് പൂര്ത്തികരിക്കാന് സാധിക്കാതിരിക്കുന്നത് ദുരവസ്ഥക്ക് ആക്കം കൂട്ടി. രണ്ടു തവണ ടെന്ഡര് ചെയ്തിട്ടും എറ്റെടുക്കാന് ആളുണ്ടായില്ല. ഈ മാസം 15ന് ആണ് അവസാന ടെന്ഡര് നടപടികള് നടക്കുന്നത്.
District News
അടിമാലി:. കൊച്ചി-ധനുഷ്കോടി ദേശീയപാത 85ന്റെ അശാസ്ത്രീയ നിര്മാണത്തിനെതിരേ പരാതിയുമായി നിരവധി കുടുംബങ്ങൾ രംഗത്ത്. ദേശീയപാതയുടെ ഭാഗമായ അടിമാലി മുതൽ മൂന്നാർ വരെയുള്ള പാതയോരത്തെ കുടുംബങ്ങളാണ് മണ്ണിടിച്ചില് ഭീഷണി നേരിടുന്നത്. വഴിയോരങ്ങളിലെ കൂറ്റന് മണ്തിട്ടകൾക്കു മുകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് കടുത്ത മണ്ണിടിച്ചില് ഭീതിയില് കഴിയുന്നത്.
മഴ ശക്തമാകുന്നതോടെ എപ്പോള് വേണമെങ്കിലും മണ്തിട്ടകള് ഇടിഞ്ഞുവീഴാമെന്ന അവസ്ഥയാണ്. പല കുടുംബങ്ങളും രാത്രികാലങ്ങളില് ഭയപ്പാടോടെയാണ് കിടന്നുറങ്ങുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിര്മാണത്തില് വന് അപാകതകളാണ് നാട്ടുകാര് ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ പാറയുള്ള ഭാഗങ്ങളില് കോണ്ക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കുമ്പോള് മണ്തിട്ടകളുള്ള മേഖലകളില് തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിര്മാണം നടത്തുന്നത്.
ചിലയിടങ്ങളിൽ മണ്തിട്ടകള് വിണ്ടുകീറിയ നിലയിലാണ്. മൺതട്ടിയുടെ മുകളിൽ നില്ക്കുന്ന വന് മരങ്ങള് കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്. 2025ല് അടിമാലി ലക്ഷംവീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില് ഒരാള് മരണപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം മഴയെത്തുടർന്ന് ലക്ഷംവീട് ഭാഗത്തിനു സമീപം ചെറിയതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്കു പതിച്ചിരുന്നു. ഇതു നേരിയതോതിൽ ഗതാഗത തടസം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഇടവരുത്തി. ഇത്തരം അനിഷ്ടസംഭവങ്ങൾ ആവര്ത്തിക്കാതിരിക്കാനുള്ള മുന്കരുതലുകള് അധികൃതര് സ്വീകരിക്കണമെന്നാണ് ആവശ്യം.
District News
കൊല്ലം: നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേശീയപാത അഥോറിറ്റിയോട് മന്ത്രിയും സ്ഥലം എംഎൽഎയുമായ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിവാക്കാൻ ഓടകൾ നിർമിക്കുമെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കു വേണ്ടി അടച്ച കല്ലുംതാഴം റോഡ് ഒരു മാസത്തിനുള്ളിൽ തുറക്കും. റെയിൽവേ ഓവർ ബ്രിഡ്ജിന്റെ പണി അതിനുള്ളിൽ പൂർത്തിയാക്കുമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
റോഡ് തുറക്കുന്നത്തോടെ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ മൂന്നു മന്ത്രിമാരും ചേർന്നു ദേശീയപാത നിർമാണ പുരോഗതി വിലയിരുത്തി വീഴ്ചകൾ ഉണ്ടായാൽ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി.
നിർമാണ പുരോഗതി വിലയിരുത്താൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല യോഗവും ചേരും.ദേശീയപാത 66ൽ നിർമാണം നടക്കുന്ന കുരിപ്പുഴ പാലം, യുണിവേഴ്സിറ്റി, കുരീപ്പുഴ പള്ളി, കൊച്ചാലുംമുട് അണ്ടർപാസ്, നീരാവിൽ പാലം, കടവുർ ജംഗ്ഷൻ, മങ്ങാട് പാലം, മണാട് മാർക്കറ്റ് ജംഗ്, കല്ലുംതാഴം എന്നിവിടങ്ങളിൽ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ജില്ലാ കളക്ടർ ആനി ജൂല തോമസ് , ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, കോർപറേഷൻ കൗൺസിലർമാർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരാതിയും മന്ത്രി ബിന്ദു കൃഷ്ണ കേട്ടു. ദേശീയപാത നിർമാണം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ തന്നെ നേരിട്ട് അറിയിക്കണമെന്നും മന്ത്രി നാട്ടുകാരോട് പറഞ്ഞു.
District News
കണ്ണൂർ: കണ്ണൂർ-തളിപ്പറന്പ് ദേശീയ പാതയിൽ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുന്നിൽ മഴക്കാലത്ത് വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് എൻഎച്ച് അഥോറിറ്റി പ്രോജക്ട് ഡയറക്ടറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കോർപറേഷൻ കൗൺസിലർ അനൂപ് ബാലന്റെ നേതൃത്വത്തിൽ പ്രോജക്ട് ഡയറർ ഉമേഷ് ഗാർഗിനെയാണ് ഓഫീസിൽ ഉപരോധിച്ചത്.
ഉപരോധത്തെ തുടർന്ന് ദേശീയ പാത അറ്റകുറ്റപ്പണികളുടെ കരാർ ഏജൻസിയായ വിശ്വസമുദ്ര അധികൃതരെ പ്രോജക്ട് ഡയറക്ടർ വിളിച്ചു വരുത്തി പ്രശനം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നിർദേശിച്ചു. എത്രയും പെട്ടെന്ന് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രോജക്ട് ഡയറക്ടറുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്, ചിറക്കൽ ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ്, പുഴാതി മണ്ഡലം പ്രസിഡന്റ് എൻ.വി. പ്രദീപ്കുമാർ, വിഹാസ് അത്താഴക്കുന്ന് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. വൈകുന്നേരത്തോടെ ദേശീയപാത അറ്റകുറ്റപണി കരാറെടുത്ത കന്പനി മണ്ണുമാന്തി യന്ത്രം എത്തിച്ച് നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
District News
കാസര്ഗോഡ്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ണിടിച്ചിലും വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില് കളക്ടറേറ്റില് യോഗം ചേര്ന്നു. ദേശീയ പാതയില് തലപ്പാടി മുതല് കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങള് തദ്ദേശസ്ഥാപന പ്രതിനിധികള് യോഗത്തില് ഉന്നയിച്ചു. കാസര്ഗോഡ് നഗരസഭയില് നുള്ളിപ്പാടിയില് വാഹനങ്ങള്ക്ക് സര്വീസ് റോഡില് നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാന് സംവിധാനമൊരുക്കണമെന്ന് വൈസ് ചെയര്മാന് ആവശ്യപ്പെട്ടു.
അടിയന്തരമായി പരശോധിച്ച് ഗതാഗതം സുഗമമാക്കാന് അധികമായി എന്ട്രി പോയിന്റ് കൊടുക്കുന്നതിന് നടപടിയെടുക്കാന് ജില്ലാ കളക്ടര് ദേശീയ പാതാ അതോറിറ്റിക്ക് നിര്ദേശം നല്കി. മോട്ടോര് വാഹന വകുപ്പും പോലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
തലപ്പാടി മുതല് കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില് കാലവര്ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങള് ഉടന് പരിഹരിക്കുന്നതിന് റാപിഡ് റെസ്പോണ്സ് ടീമിനെ നിര്മാണ കരാര് കമ്പനികള് നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര് ഉമേഷ് ഗാര്ഹ് പറഞ്ഞു. പടന്നക്കാട് നെഹ്റു കോളജിന് മുന്നിലും ജില്ലാ ആശുപത്രിക്ക് മുന്നിലും കാല്നടയ്ക്കുള്ള മേല്പ്പാലം നിര്മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചട്ടഞ്ചാല് മുതല് ചെര്ക്കള വരെയുള്ള ഭാഗവും ചെറുവത്തൂര് വീരമലക്കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചില് ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാന് മണ്സൂണിന് മുമ്പായി അടിയന്തര നടപടികള് സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകള് സംബന്ധിച്ച് വിശദമായ പഞ്ചായത്തുകളും നഗരസഭകളും സമര്പ്പിച്ചിരുന്നെങ്കിലും ദേശീയപാത അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനാല് ഈവര്ഷം വലിയതോതില് വെള്ളക്കെട്ടിനും വീടുകളില് വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള് ചൂണ്ടിക്കാട്ടി.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര് ഉമേഷ് ഗാര്ഹ് ദേശീയപാത നിര്മാണ കരാര് കമ്പനി പ്രതിനിധികള് എന്നിവര് നിലവില് നടന്നു വരുന്ന നിര്മാണ പുരോഗതി യോഗത്തില് വിശദീകരിച്ചു. വീടുകളിലേക്ക് വെള്ളം കയറി മാറ്റി പാര്പ്പിക്കേണ്ട സാഹചര്യമുണ്ടായാല് പ്രത്യേകം റിലീഫ് ക്യാമ്പുകള് ആരംഭിക്കുന്നതിന് തഹസില്ദാര്മാര്ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്ക്കും ജില്ലാ കളക്ടര് നിര്ദേശം നല്കി.
ദുരന്ത സാധ്യത തടയുന്നതിന് നിര്മാണ പുരോഗതി സമയ ബന്ധിതമായി അവലോകനം ചെയ്ത് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിന് കാസര്ഗോഡ് ആര്ഡിഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആര്ഡിഒ കെ.ആര്. മനോജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഓവുചാല് നിര്മാണത്തിലെ അപാകത, മണ്ണിടിച്ചില്, തെരുവുവിളക്കുകള് ഇല്ലാത്ത പ്രശ്നം, തോടുകള് മണ്ണിട്ട് മൂടിയത് എന്നിവ സംബന്ധിച്ച് എല്എസ്ജിഡി, റവന്യു, പോലീസ്, ആര്ടിഒ, നിര്മാണകരാര് കമ്പനി പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും.
District News
ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അപാകതകളും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു.എംഎൽഎമാരായ അഡ്വ. ഷാനിമോൾ ഉസ്മാൻ, പി.പ്രസാദ്, എ.ഡി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.റെജി ചെറിയാൻ എംഎൽഎ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ദേശീയപാതയിലെ പ്രശ്നബാധിത പ്രദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ഉടൻ നടപടിയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പെരുമ്പളം, അരൂക്കുറ്റി ആശുപത്രികളിൽ രാത്രികാലങ്ങളിൽ ഡോക്ടർമാർ ഇല്ലാത്ത സാഹചര്യം പരിശോധിക്കണമെന്നും സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ നിയോജകമണ്ഡല തലങ്ങളിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മഴക്കാലപൂർവ്വ ശുചീകരണം, തോടുകളുടെ നവീകരണം, വെള്ളക്കെട്ടും പകർച്ചവ്യാധികളും മൂലമുള്ള പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും, സ്കൂളുകളുടെയും അങ്കണവാടികളുടെയും ഫിറ്റ്നസ് കൃത്യമായി പരിശോധിക്കാനും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ മുൻകൂട്ടി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും എംഎൽഎമാർനിർദ്ദേശിച്ചു.
തുറവൂർ, കുത്തിയതോട് മേഖലകളിൽ എട്ടു മാസമായി തുടരുന്ന കുടിവെള്ളക്ഷാമത്തിനും കൂടാതെ വൈദ്യുതി തടസത്തിനും എത്രയും വേഗം പരിഹാരം കാണണമെന്നും, അപകടാവസ്ഥയിലുള്ള പൂച്ചാക്കൽ രജിസ്ട്രേഷൻ ഓഫീസിന്റെ പ്രശ്നം പരിഹരിക്കണമെന്നും, സൊസൈറ്റികളിൽ നിന്നും ഉള്ള പെൻഷൻ വിതരണം വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ദേശീയപാതയിലെ അണ്ടർപാസുകളിൽ രൂപ്പെട്ടിട്ടുള്ള വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ എ.ഡി. തോമസ് എംഎൽഎയും കർശന നിർദ്ദേശം നൽകി. രണ്ടാം കൃഷി ഇറക്കാത്ത കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തുകൊണ്ട് റെജി ചെറിയാൻ എംഎൽഎ ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വീയപുരം ലീഡിം് ചാനലിന്റെ ആഴം വർദ്ധിപ്പിക്കണമെന്നും തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി കെ. ഗോപകുമാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിഎം ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ കലാമുദ്ദൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
District News
കൊല്ലം: ജില്ലാ അതിര്ത്തിയായ പാരിപ്പള്ളിയിലെ കടമ്പാട്ടുകോണത്തു നിന്നു തുടങ്ങുന്ന ചെങ്കോട്ട ഗ്രീന്ഫീല്ഡ് ദേശീയപാതയ്ക്കായി (ദേശീയപാത744) ജില്ലയില് നിന്ന് 55 ഹെക്ടര് വനഭൂമി ഏറ്റെടുക്കും. പുളിയറ ഇടമണ് റീച്ചിലെ മിക്ക സ്ഥലവും വനപ്രദേശവും തോട്ടം മേഖലയുമാണ്. 41.19 ഹെക്ടര് ഭൂമി വനഭൂമി ഈ പ്രദേശത്ത് നിന്ന് ഏറ്റെടുക്കും. ഇടമണ് കടമ്പാട്ടുകോണം റീച്ചിന് 13.81 ഹെക്ടര് വനഭൂമി ഏറ്റെടുക്കും.
അയിരനല്ലൂര്, ഇടമണ്, ഏരൂര്, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ് പാത വനത്തിലൂടെ കടന്നുപോകുന്നത്. കൂടുതല് ആഘാതമുണ്ടാക്കുന്ന ആദ്യ അലൈന്മെന്റ് വനംവകുപ്പ് അംഗീകരിരുന്നില്ല. ആര്യങ്കാവില് നിന്നു ചെങ്കോട്ടയിലേക്കു പാത കടന്നുപോകുന്നതു റെയില് പാതയുടെ ഇടതുവശത്തു കൂടിയാണ്. വനത്തിന്റെ അരികിലൂടെ പോകുന്ന വിധത്തില് പരിഷ്കരിക്കണമെന്നു വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് റെയില്പാതയ്ക്ക് സമാന്തരമായി ഇടതുവശത്തുകൂടി അലൈന്മെന്റ് നിശ്ചയിച്ചത്.
കൊല്ലം -ചെങ്കോട്ട (കടമ്പാട്ടുകോണം -ആര്യങ്കാവ്) ഗ്രീന്ഫീല്ഡ് പാതയുടെ (744)ഡിപിആര് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുകയും നിര്മാണച്ചെലവും ഉള്പ്പെടെ ഏകദേശം 20,000 കോടി രൂപയുടെ ചെലവാണ് ഡിപിആറില് (വിശദ പ്രോജക്ട് റിപ്പോര്ട്ട്) കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന സര്ക്കാരുമായി ചര്ച്ചയ്ക്കു ശേഷമാകും ഇതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അംഗീകാരം നല്കുക.
ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നല്കുന്നതിന് 25ശതമാനം തുക സംസ്ഥാന സര്ക്കാര് നല്കണമെന്ന നിര്ദേശം നേരത്തെ കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തില് പുതിയ സര്ക്കാരിന്റെ അഭിപ്രായം കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം തേടുമെന്നാണ് സൂചന. പുതിയ സര്ക്കാര് വന്നശേഷം ദേശീയപാത നിര്മാണവുമായി ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്ത്തിട്ടില്ല. ഈ യോഗത്തില് നഷ്ടപരിഹാരത്തുകയുടെ 25ശതമാനം നല്കണോ എന്നതും ചര്ച്ചയാകുമെന്നാണ് പ്രതീക്ഷ.
കൊല്ലം - ചെങ്കോട്ട ഗ്രീന്ഫീല്ഡ് പാത കടമ്പോട്ടുകോണം - ഇടമണ്, ഇടമണ് - ആര്യങ്കാവ്, ആര്യങ്കാവ് - തമിഴ്നാട് (രണ്ടു കിലോ മീറ്റര്)എന്നിങ്ങനെ മൂന്ന് റീച്ചുകളായാണ് നിര്മിക്കുന്നത്. കൊല്ലം ജില്ലാ അതിര്ത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം മുതല് തമിഴ്നാട്ടിലെ പുളിയറ വരെ 61.8 കിലോമീറ്റര് ദൂരവും രണ്ടും മൂന്നും റീച്ചുകളിലാണ് ഇത് ഉള്പ്പെടുന്നത്. തമിഴ്നാട്ടിലെ രാജപാളയം മുതല് ആര്യങ്കാവില് നിന്നു രണ്ട് കിലോമീറ്റര് അകലെയുള്ള പുളിയറ വരെയാണ് ഒന്നാമത്തെ റീച്ച്.
പുളിയറ മുതല് കേരളത്തിലെ ഇടമണ് വരെ രണ്ടാം റീച്ചും (22.9 കിലോമീറ്റര്), ഇടമണ് കടമ്പാട്ടുകോണം മൂന്നാം റീച്ചും (38.9 കിലോമീറ്റര്) ആണ്.ഇതില് 18 കിലോമീറ്റര് വനവും 10.5 കിലോമീറ്റര് ടണലുമാണ്. ജനവാസമുള്ളത് രണ്ട് കിലോമീറ്ററില് മാത്രം. 20 കിലോമീറ്റര് ദൈര്ഘ്യമുള്ള ഇടമണ് ആര്യങ്കാവ് റീച്ചിലാണ് വനപ്രദേശം കൂടുതല്. കൊല്ലം -ചെങ്കോട്ട ഗ്രീന്ഫീല്ഡ് പാതയുടെ പ്രോജക്ട് ഡയറക്ടറുടെ ഓഫീസ് കരുനാഗപ്പള്ളിയിലുള്ള നിലവിലെ എന്എച്ച് 66 ഓഫീസാണ്. എന്എച്ച് 66 നവീകരണം പൂര്ത്തീകരിക്കുമ്പോള് ഓഫീസ് കൊല്ലത്തേക്ക് മാറ്റും.
13 വില്ലേജുകള്
തിരുവനന്തപുരം ജില്ലയില് നാലും കൊല്ലം ജില്ലയില് ഒന്പതും വില്ലേജുകളിലൂടെ ആണ് പാത കടന്നു പോകുന്നത്. കൊല്ലം ജില്ലയില് നിലമേല്, ചടയമംഗലം, ഇട്ടിവ, അലയമണ്, അഞ്ചല്, ഏരൂര്, കോട്ടുക്കല്, അയിരനല്ലൂര്, ഇടമണ് വില്ലേജുകളും തിരുവനന്തപുരം ജില്ലയില് നാവായിക്കുളം, കുടവൂര്, പള്ളിക്കല്, മടവൂര് വില്ലേജുകളിലുടെയാണ് പാത കടന്നു പോകുന്നത്. നാലുവരിയായി നിര്മിക്കുന്ന പാതയില് ചില സ്ഥലങ്ങളില് മാത്രമേ സര്വീസ് റോഡ് ഉണ്ടാവുകയുള്ളു. പല ഭാഗങ്ങളും ജനവാസ മേഖലയല്ല. വനമേഖലയില് വാഹനങ്ങള്ക്ക് വേഗ നിയന്ത്രണവും ശബ്ദ നിയന്ത്രണവും ഉണ്ടാകും. പ്രോജക്ട് അപ്രൈസല് ടെക്നിക്കല് കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു തീരുമാനം എടുക്കുന്നത്.
46 സ്ഥലങ്ങളില് ഉയരപ്പാത
പുളിയറ - കടമ്പാട്ടുകോണം മേഖലയില് 46 വയഡക്ടുകളും (കോണ്ക്രീറ്റ് തൂണുകളിലെ ഉയരപ്പാത) 142 കലുങ്കുകളും നിര്മിക്കും. 12 പാലങ്ങള് ഉണ്ടാകും. പുളിയറ - ഇടമണ് മേഖലയില് വന്യമൃഗങ്ങളുടെ വഴിത്താരകളില് മുന്നു സ്ഥലത്ത് വയഡക്ട് കം അനിമല് അണ്ടര്പാസ് ഉണ്ടാകും.
ചെങ്കോട്ട - ഇടമണ് റീച്ചില് മൂന്നു ചെറിയപാലങ്ങളും 33 കലുങ്കുകളും ഉണ്ടാകും. ഇടമണ് - കടമ്പാട്ടുകോണം റീച്ചില് ഒരു വലിയപാലവും എട്ടു ചെറുപാലങ്ങളും 109 കലുങ്കുകളും 26 ഉയരപ്പാതകളും ഉണ്ടാകും. എംസി റോഡില് ചടയമംഗലം നെട്ടയത്തറ, മലയോര ഹൈവേയില് ഏരൂര് പത്തടി വഴിയാണ് കൊല്ലം - തിരുമംഗലം ദേശീയപാതയില് ഇടമണില് ചെന്നു ചേരുക.
വരുന്നത് ഏറ്റവും വലിയ തുരങ്കപാത
ഏറ്റവും വലിയ തുരങ്കപാതയാണ് ജില്ലയിലെ തെന്മലയ്ക്കും ആര്യങ്കാവിനും ഇടയില് നിർമിക്കുന്നത്. കോട്ടവാസല്, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല മലകളിലായി നാലു തുരങ്കപ്പാത നിര്മിക്കും. 3.7 കിലോമീറ്റര് നീളമുള്ളതായിരിക്കും വലിയ തുരങ്കം. 3.2 കിലോമീറ്റര് വീതം രണ്ടു തുരങ്കങ്ങളും 400 മീറ്റര് നീളത്തില് ഒരു തുരങ്കവും ഉണ്ടാകും. ആകെ 10.5 കിലോമീറ്റര് നീളത്തിലാകും തുരങ്കപ്പാത. നിലവില് തൃശൂര്- പാലക്കാട് റൂട്ടിലെ കുതിരാനാണ് ഏറ്റവും വലിയ തുരങ്കം. പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്ന് ആരംഭിക്കുന്ന ഗ്രീന്ഫീല്ഡ് ഹൈവേ ആര്യങ്കാവ് റെയില്വേ സ്റ്റേഷന് സമീപത്ത് കൊല്ലം- ചെങ്കോട്ട റെയില്പാത മുറിച്ചുകടന്ന ശേഷമാണ് തുരങ്കങ്ങള് വരുന്നത്.
നഷ്്ടപരിഹാര തുക ലഭിച്ചില്ല
ഗ്രീന് ഫീല്ഡ് പാതയ്ക്ക് സ്ഥലം വിട്ടുനല്കിയവര് നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി സമരം നടത്തിയും ഓഫീസ് കയറിയിറങ്ങിയും ഭൂവുടമകള് കുഴഞ്ഞു. 2024ല് വിലനിര്ണയം പൂര്ത്തിയായവര്ക്കു പോലും നഷ്ടപരിഹാര തുക ലഭിച്ചില്ല. 2022 നവംബര് ഒന്പതിന് ആയിരുന്നു ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ വിജ്ഞാപനം.
പിന്നീട് ഭൂരിഭാഗം സ്ഥലത്തും ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള 3ഡി വിജ്ഞാപനവും ഇറങ്ങി. ഇതേ തുടര്ന്നു മുഴുവന് രേഖകളും ബന്ധപ്പെട്ട ഓഫീസുകളില് ഭൂവുടകള് സമര്പ്പിച്ചു. നിലമേല് വില്ലേജിലെ 93, ഇട്ടിവയില് 94 പേര്ക്കും വിലനിര്ണയം പൂര്ത്തിയാക്കി 2024 നവംബറില് ഭൂമി ഏറ്റെടുക്കല് ചുമതലയുള്ള ഡപ്യൂട്ടി കളക്ടര് ഓഫീസില് നിന്നു ദേശീയപാത അഥോറിറ്റിക്കു റിപ്പോര്ട്ട് നല്കിയിരുന്നതാണ്. എന്നാല് ഇതുവരെ പണം ലഭിച്ചിട്ടില്ല. മറ്റുള്ളവരും നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയാണ്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം വന്നതോടെ വസ്തു കൈമാറ്റം ചെയ്യാനോ, പണയപ്പെടുത്താനോ കഴിയാതെയായി. വീടു നിര്മാണവും അറ്റകുറ്റപ്പണികളും നിലച്ചു. നിശ്ചയിച്ചിരുന്ന വിവാഹം പോലും ഇതുകാരണം മുടങ്ങി. കുട്ടികളുടെ പഠനത്തിന് വായ്പ എടുക്കാന് പോലും കഴിയാതെ ഭൂവുടമകള് വലയുന്നു.
പലതവണ സമരം നടത്തുകയും നിവേദനം നല്കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. അതേ സമയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇനിയും പൂര്ത്തിയായിട്ടില്ല.
District News
പള്ളിവളവ്: മതിലകം ഫെറി റോഡില് നിര്ദിഷ്ട ദേശീയപാത 66 മതിലകം ബൈപാസ് മേല്പാലത്തിനടിയിലെ റോഡിൽ കുഴിയും ചളിക്കുളവും.
കനോലി കനാല് ഭാഗത്തെ പ്രദേശവാസികള് മതിലകം ഭഗത്തേക്ക് പോകാനുള്ള റോഡാണ് പഴയ ഫെറി റോഡ്. മാത്രമല്ല റോഡിനോട് ചേര്ന്ന് മേല്പാലത്തിനടിയില് നിന്ന് മണ്ണെടുത്തതോടെ മഴ കനത്തപ്പോള് ആ ഭാഗം വെള്ളം കെട്ടികിടക്കുകയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള് തെന്നി വീഴാറുണ്ടെന്നു പരിസരവാസികള് പറഞ്ഞു.
മഴ ശക്തിയാകുന്നതോടെ ഇവിടുത്തെ സ്ഥിതി ഇനിയും മോശമാകും എന്നതിൽ സംശയമില്ല. ഈ ഭാഗത്തു തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു വരുന്നതായി യാത്രക്കാർ പറയുന്നു. ചെളിയുള്ളതു കൊണ്ട് തന്നെ നാട്ടുകാർക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണിവിടെയുള്ളത്.
തെരുവ് നായ ആക്രമിക്കാൻ വന്നാൽ പോലും കാൽനട യാത്രക്കാർക്കു ഓടിരക്ഷപ്പെടുവാനോ, ബൈക്ക് യാത്രക്കാർക്കു വേഗത്തിൽ ഓടിച്ചു പോക്കാകുവാനോ കഴിയാത്ത അവസ്ഥയാണ്.
വാഹന അപകടങ്ങൾ ഒഴിവാക്കുവാൻ എത്രയും പെട്ടെന്ന് പ്രസ്തുത റോഡിലെ ശോചനീയാവസ്ഥക്കും തെരുവ് നായ ശല്യത്തിനും പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളും കരാര് കമ്പനിയും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പറവൂർ: ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി മൂത്തകുന്നം മുതൽ മുറവൻതുരുത്ത് വരെയുള്ള പ്രദേശത്തെ മണൽക്കൂനയും ഉയരത്തിൽ നിറച്ചിട്ടുള്ള കൽപ്പൊടിയും അപകടം ഉണ്ടാക്കുമെന്ന പരാതിയെ തുടർന്ന് ദേശീയപാത പ്രോജക്ട് മാനേജർ ജീവൻ ജോൺ, കരാർ ഏറ്റെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയിലെ മധു എന്നിവരുടെ നേതൃത്വത്തിൽ എൻജിനീയർമാർ സ്ഥല പരിശോധന നടത്തി.
മഴക്കാലമായാൽ മണൽക്കുനയും കൽപ്പൊടിയും ഇടിഞ്ഞ് താഴേക്ക് വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല ഇവ വെള്ളത്തോടൊപ്പം വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കും.
മഴക്കാലത്തിന് മുന്പ് ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ വിഷയത്തിലടപെട്ടു. തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഉയരത്തിലുള്ള മൺക്കൂനയും, കൽപ്പൊടിയും ഉയരം കുറച്ച് അപകട സാധ്യത ഒഴിവാക്കും.
വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളിൽ നിലവിലെ ഡ്രെയിനേജ് സംവിധാനത്തോട് യോജിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് ഇത് സമർപ്പിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക ദേശീയപാത അഥോറിറ്റി അനുവദിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ്, സെക്രട്ടറി എ.കെ. അജിത, കെ.ബി. ബിൻഷാദ്, ടി.കെ. അശോകൻ, മധുലാൽ, സുബിത, കൃഷ്ണകുമാർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
District News
കൊച്ചി: ദേശീയപാത 66ലെ ഇടപ്പള്ളി - മൂത്തകുന്നം സ്ട്രെച്ച് അടുത്ത മാര്ച്ചില് പൂര്ത്തീകരിക്കാന് കഴിയുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും സാങ്കേതിക വിഭാഗം ജനറല് മാനേജരുമായ പി. പ്രദീപ് അവലോകന യോഗത്തിൽ അറിയിച്ചു.
ദേശീയപാത നിര്മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലകളില് അടിയന്തര പ്രാധാന്യത്തില് ക്രോസ് കള്വര്ട്ടുകള് നിര്മിക്കാനും വര്ഷകാല മുന്നൊരുക്ക പ്രവര്ത്തനങ്ങള്ക്ക് വേഗം കൂട്ടാനും ഹൈബി ഈഡൻ എംപി നിര്ദേശം നല്കി. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടായിരുന്ന പട്ടണം, കൂനമ്മാവ്, തൈക്കാവ് എന്നീ മൂന്നു ഭാഗങ്ങളില് മൂന്ന് അടിപ്പാതകള് കൂടി നിര്മിക്കാന് അനുമതി ലഭിച്ചിട്ടുണ്ടന്നും ഇതിനായി തയാറാക്കിയ പദ്ധതി രേഖയ്ക്ക് അംഗീകാരം ലഭിച്ചതോടെ മൂന്നിടങ്ങളിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്ട്രെച്ചില് പരമാവധി വേഗത്തില് സര്വീസ് റോഡുകളുടെ നിര്മാണം പൂര്ത്തിയാക്കുമെന്നും 5.9 കിലോ മീറ്റര് ദൂരത്തില് സര്വീസ് റോഡുകള് നിര്മിക്കാന് അനുമതിയായിട്ടുണ്ടെന്നും പ്രോജക്ട് ഡയറക്ടര് അറിയിച്ചു. ഫുട് ഓവര് ബ്രിഡ്ജുകള് നിര്മിക്കുന്നതിനായി വിവിധയിടങ്ങള് പരിശോധിച്ചു വരികയണ്. അമൃത ആശുപത്രിക്ക് സമീപം എന്ട്രി എക്സിറ്റ് റാംപ് സൗകര്യം ഏര്പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
18 ഇടത്ത് അഡീഷണല് സ്പാന് സ്ഥാപിക്കുന്ന പ്രവര്ത്തനങ്ങള് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 26 കിലോമീറ്റര് വരുന്ന ഈ ഭാഗത്ത് ആധുനികമായ തെരുവ് വിളക്കുകളും സിസി ടിവി കാമറകളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബസ് യാത്രികര്ക്ക് വേണ്ട 40 ഷെല്ട്ടറുകളും ഇരുവശത്തുമായി സ്ഥാപിക്കും.
ഇടപ്പള്ളി-അരൂര് ആകാശപ്പാത: ഡിപിആര് തയാറാക്കാന് പുതിയ ഏജന്സി
ഇടപ്പള്ളി മുതല് അരൂര് വരെയുള്ള ആകാശപ്പാത നിര്മാണത്തിന് വിശദ പദ്ധതി രേഖ (ഡിപിആര്) തയാറാക്കുന്നതിനായി ചുമതലപ്പെടുത്തിയ ഏജന്സി തൃപ്തികരമായ പ്രവര്ത്തനം നടത്താത്തതിനാല് ഇവരെ ഒഴിവാക്കാന് തീരുമാനിച്ചതായി ദേശീയപാതാ അധികൃതര് അറിയിച്ചു.
മെട്രോ ക്രോസ് ചെയ്യുന്ന ഇടങ്ങളിലും സുപ്രധാന ജംഗ്ഷനുകളിലും മറ്റും വേണ്ടത്ര സാങ്കേതിക മികവ് ഇവര് തയാറാക്കിയ ഡിപിആറിനു ഇല്ലായിരുന്നു. ഈ സാഹചര്യത്തില് ഡിപിആര് തയാറാക്കാനായി പുതിയ ഏജന്സിയെ തെരഞ്ഞെടുക്കാനും അവരെ ചുമതലയേല്പ്പിക്കാനുമുള്ള അടിയന്തര നടപടികള് സ്വീകരിക്കാനും ദേശീയപാതാ അധികൃതര്ക്ക് എംപി നിര്ദേശം നല്കി.
ബൈപ്പാസ്;നടപടികള് വേഗത്തില് പൂര്ത്തീകരിക്കും
ദേശീയപാത 544ലെ അങ്കമാലി-കുണ്ടന്നൂര് ബൈപ്പാസ്/ എറണാകുളം ബൈപ്പാസുകള്ക്ക് വേണ്ട നടപടികള് എത്രയും വേഗം പൂര്ത്തിയാക്കാനും യോഗത്തില് ധാരണയായി. നേരത്തെ കുണ്ടന്നൂര് ഭാഗത്ത് നിന്ന് ആരംഭിക്കാന് ലക്ഷ്യമിട്ടിരുന്ന ഈ ബൈപ്പാസ് സമീപമുള്ള ജനവാസമേഖലയും മറ്റും പരിഗണിച്ച് (എറണാകുളത്ത് നിന്ന് ആലപ്പുഴ പോകുന്ന വഴിയിലെ) അരൂര് പാലത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്നതാണ് ഇപ്പോള് പരിഗണിക്കുന്നത്.
അതനുസരിച്ച് സാങ്കേതിക പഠനങ്ങള് ആരംഭിച്ചിട്ടുണ്ട്. അരൂര് പാലത്തിന് സമീപത്തു നിന്ന് വെല്ലിംഗ്ടണ് ഐലന്ഡിലേക്ക് പുതിയ ദേശീയപാതയും പരിഗണനയിലുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നെട്ടൂര് ജംഗ്ഷന് വികസനം ഇനി പുതിയ രീതിയിലേക്ക് മാറാനാണ് സാധ്യത എന്നതും യോഗത്തില് വ്യക്തമായി.
കണ്ടെയ്നര് റോഡിലെ തെരുവുവിളക്കുകള് പ്രവര്ത്തനക്ഷമമാക്കും
കണ്ടെയ്നര് റോഡില് തെരുവുവിളക്കുകള് സ്ഥാപിക്കുന്നതിനായി കെഎസ്ഇബി തയാറാക്കിയ ട്രാന്സ്ഫോര്മര് സ്ഥാപിക്കുന്നതിനുള്ള ഒരു കോടിയിലധികം രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് പിന്വലിച്ച് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാക്കി കെഎസ്ഇബി കുറവ് ചെയ്തിട്ടുണ്ട്. ഈ തുക അവര്ക്ക് നല്കാന് വേണ്ട ക്രമീകരണം ഏര്പ്പെടുത്തിയതായി ദേശീയപാതാ അധികൃതര് പറഞ്ഞു. അധികം വൈകാതെ തെരുവുവിളക്കുകള് പൂര്ണമായി പ്രവര്ത്തനക്ഷമമാകുമെന്നും അവര് അറിയിച്ചു.
District News
പറവൂർ: ദേശീയപാത 66ന്റെ ഭാഗമായി ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ കുഞ്ഞിത്തൈ, മാച്ചാന്തുരുത്ത് ഭാഗങ്ങളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന മുനമ്പം കവലയിലെ അശാസ്ത്രീയമായ അടിപ്പാത ദുരിതമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ. പാലത്തിന് വേണ്ടത്ര ഉയരം നല്കാതെ തറനിരപ്പിൽ നിന്ന് രണ്ടടി താഴ്ചയിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വർഷം ആദ്യ മഴയിൽതന്നെ ഇവിടെ വെള്ളം കെട്ടിനിന്ന് കാൽനടയാത്ര പോലും സാധ്യമായിരുന്നില്ല. അന്നു പകുതി വീതിയിൽ കോൺക്രീറ്റിംഗ് നടത്തി താത്കാലിക പരിഹാരം കണ്ടെത്തുകയാണുണ്ടായത്.
സർവീസ് റോഡുകളും കാനയും പണിതീർന്നതിനെ തുടർന്ന് അടിപ്പാത മുഴുവനായി ടാറിംഗ് നടത്തിയിരുന്നു. ബസുകളുടെ മേൽഭാഗം മുട്ടാതെ കടന്നുപോകുന്നുണ്ടെങ്കിലും ഭാരം കയറ്റിയ ലോറികൾ കടന്നുപോകുന്പോൾ പാലത്തിൽ മുട്ടാനിടയുണ്ട്.അടിപ്പാതയുടെ ഇരുവശത്തും കാനകൾ നിർമിച്ചിട്ടും പാതയിൽ വെള്ളക്കെട്ടിനു കുറവില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കർണാടകയിലെ ഹാസനിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. അപകട സമയത്ത് ബസിൽ 36 യാത്രക്കാരുണ്ടായിരുന്നു.
മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശാന്തിഗ്രാം എന്ന സ്ഥലത്ത് എത്തിയപ്പോൾ പുക ഉയർന്നതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
District News
തൊടുപുഴ: ദേശീയപാത 85ല് നേര്യമംഗലം മുതല് വാളറ വരെയുള്ള ഭാഗത്തെ റോഡ് വീതികൂട്ടല് ജോലികള് അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ ഡീന് കുര്യാക്കോസ് എംപി. നിര്മാണ പ്രവര്ത്തനങ്ങള് അടിയന്തരമായി പുനരാരംഭിക്കാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത്നല്കി. നേര്യമംഗലം മുതല് പള്ളിവാസല് വരെ 30 മീറ്റര് വീതിയിലാണ് ദേശീയപാത സര്ക്കാര് രേഖകളിലുള്ളത്. ഇക്കാര്യം സര്ക്കാര് ഹൈക്കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് വ്യക്തമാക്കിയതുമാണ്.
എന്നാല് വനം വകുപ്പും ചില സ്വകാര്യ വ്യക്തികളും ഉയര്ത്തിയ തടസം മൂലം നിര്മാണം പൂർണമായും നിലച്ചിരിക്കുകയാണ്. നിര്മാണം പുനരാരംഭിക്കാന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടികള് വൈകുന്നതില് എംപി പ്രതിഷേധം അറിയിച്ചു.ചീഫ് സെക്രട്ടറി തലത്തില് രൂപീകരിച്ച ഹൈലെവല് കമ്മിറ്റിയുടെ റിപ്പോര്ട്ട് വരാത്തതാണ് നിലവില് വീതികൂട്ടല് പ്രവൃത്തികള്ക്ക് തടസമായി നില്ക്കുന്നത്. അനാവശ്യമായി റിപ്പോര്ട്ട് വൈകിപ്പിക്കുന്നത് ജനങ്ങള്ക്കിടയില് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
നിര്മാണം പാതിവഴിയില് നിലച്ചതോടെ കുഴികളും കിടങ്ങുകളുമായി റോഡ് അതീവ അപകടാവസ്ഥയിലാണ്. കാലവര്ഷം ആരംഭിക്കാനിരിക്കെ, നിലവിലെ സാഹചര്യം റോഡിന്റെ ഘടനാപരമായ നിലനില്പ്പിനെ ബാധിക്കുമെന്നും വലിയ തോതിലുള്ള മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കത്തില് പറയുന്നു. ഈ പ്രതിസന്ധികള് കണക്കിലെടുത്ത് ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് വീതിയെടുക്കല് പ്രവൃത്തി പൂര്ത്തിയാക്കാന് നിര്ദേശം നല്കണമെന്ന് ഡീന് കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
Kerala
പാലോട്: തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ കാർ തലകീഴായി മറിഞ്ഞു. ഇളവട്ടം ജംഗ്ഷൻ വില്ലേജ് ഓഫീസിന് സമീപം രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്.
വിമാനത്താവളത്തിൽ പോയി തിരികെ മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ വഴിയരികിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
നന്ദിയോട് ആലംപാറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: യഥാർഥ സമയപരിധിയിൽ നിർമാണം പൂർത്തിയാക്കാതെ കാലതാമസം നേരിടുന്ന 14 ദേശീയപാതാ പദ്ധതികൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
2025-26 സാന്പത്തികവർഷം കേന്ദ്രസർക്കാർ 10,000 കിലോമീറ്റർ നീളത്തിൽ ദേശീയപാതാ നിർമാണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും എന്നാൽ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 7,211 കിലോമീറ്റർ മാത്രമാണു നിർമിച്ചിട്ടുള്ളതെന്നും മന്ത്രാലയം സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി.
ഈ മാസം 31ന് സാന്പത്തികവർഷം അവസാനിക്കുമെന്നിരിക്കെ യഥാർഥ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും 2789 കിലോമീറ്ററിന്റെ നിർമാണം പൂർത്തീകരിക്കണം എന്നതാണു കേന്ദ്രം നൽകുന്ന കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നത്.
ഈ സാന്പത്തികവർഷമാകട്ടെ ദേശീയപാതാ നിർമാണത്തിന്റെ ശരാശരി വേഗം പ്രതിദിനം 21.5 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. 2024-25ൽ പ്രതിദിനം 29.21 കിലോമീറ്ററിൽ ശരാശരി നിർമാണം നടന്നിരുന്നുവെങ്കിൽ 2023-24ൽ ഇത് 33.83 കിലോമീറ്ററായിരുന്നു.
13,327 കിലോമീറ്റർ നിർമാണം നടത്തി 2020-21 സാന്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ദേശീയപാതാ നിർമാണം നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ആ വർഷം പ്രതിദിനം ശരാശരി 33.83 കിലോമീറ്റർ നീളത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ പദ്ധതികൾക്കു കാലതാമസം ഉണ്ടായിരിക്കുന്നത് ഭൂവിസ്തീർണം കൂടുതലുള്ള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര (62), ആന്ധ്രാപ്രദേശ് (50), ഉത്തർപ്രദേശ് (48) എന്നിവിടങ്ങളിലാണ്.
Kerala
കോഴിക്കോട്: പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി പി. മുഹമ്മദ് റിയാസ്.
ഈ സര്ക്കാരിനെ ജനങ്ങള് തെരഞ്ഞെടുത്തതാണ്. മന്ത്രി ആര് എന്നുള്ളതല്ല വിഷയം. ഇത്തരം പരിപാടിയില് ബന്ധപ്പെട്ടവര് പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ദേശീയപാത ഉദ്ഘാടന ചടങ്ങുകള് പരിശോധിച്ചാല് എല്ലാക്കാലത്തും പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാറുണ്ട്. അത് സ്വാഭാവികമാണ്.
ബിജെപി പ്രസിഡന്റിനെ പരിപാടിയില് ക്ഷണിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില് കെപിസിസി പ്രസിഡന്റിനെയും സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരെയും മറ്റു രാഷ്ട്രീയപാര്ട്ടി നേതാക്കളെയും ക്ഷണിക്കേണ്ടതല്ലേ? ഈ രീതി ജനാധിപത്യത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കണം.
ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിലൂടെ ദേശീയപാത 66 യാഥാര്ഥ്യമാക്കുന്നതില് എല്ഡിഎഫ് സര്ക്കാരിന് ഒരു പങ്കുമില്ല എന്ന സ്ഥാപിക്കാനാണ് ശ്രമമെങ്കില് അത് കേരളത്തിലെ ജനങ്ങള് കൃത്യമായി മനസിലാക്കിയിട്ടുണ്ട്. -റിയാസ് പറഞ്ഞു.
Kerala
കാസര്ഗോഡ്: പൊതുമരാമത്ത് വകുപ്പിനെ അവഗണിച്ച് ദേശീയപാത ഉദ്ഘാടനം ചെയ്ത കേന്ദ്രസര്ക്കാര് നടപടിക്കെതിരേ പ്രതിഷേധവുമായി സമാന്തര ഉദ്ഘാടനപരിപാടി നടത്തി പ്രതിഷേധിച്ച് സിപിഎം.
തലപ്പാടി- ചെങ്കള ദേശീയപാതയിലെ നുള്ളിപ്പാടിയില് സി.എച്ച്. കുഞ്ഞമ്പു എംഎല്എ നാടമുറിച്ച് ഉദ്ഘാടനം നിര്വഹിച്ചു. കൊച്ചിയിലെ ചടങ്ങില്നിന്ന് ഒന്നരമണിക്കൂര് നേരത്തേ യാണ് കാസര്ഗോഡ് ദേശീയപാത ഉദ്ഘാടനം ചെയ്തത്.
ബിജെപിയുടെ നാലാള് ചേര്ന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാതയെന്ന് എംഎല്എ പറഞ്ഞു.
സംസ്ഥാന സര്ക്കാര് ഏറെ ബുദ്ധിമുട്ടി പ്രശ്നങ്ങള് പരിഹരിച്ചുകൊണ്ടാണ് ദേശീയപാത നിര്മിച്ചത്. 6,000 കോടി രൂപയാണ് കേന്ദ്രസര്ക്കാരിനു നല്കിയത്.
പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്ത ജനാധിപത്യ മര്യാദയുടെ ലംഘനത്തിന് കേരളം മറുപടി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ദേശീയപാത തലപ്പാടി - ചെങ്കള ആറുവരിപ്പാത, വെങ്ങളം - രാമനാട്ടുകര ബൈപാസ് നവീകരണം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമ്പോൾ വേദിയിൽ പ്രദർശിപ്പിച്ച ശിലാഫലകത്തിന്റെ ചിത്രത്തിലെ പേരുകളിൽ മന്ത്രി മുഹമ്മദ് റിയാസും.
ചടങ്ങിലേക്ക് മന്ത്രിയെ ക്ഷണിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പരിപാടി ബഹിഷ്കരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവരുടെയും പേരുകൾ ശിലാഫലകചിത്രത്തിൽ ഉണ്ടായിരുന്നു.
Kerala
കൊച്ചി : ദേശീയപാത ഉദ്ഘടാന ചടങ്ങില് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും മന്ത്രിമാരെയും ക്ഷണിക്കാത്തിനെ തുടര്ന്ന് സമാന്തര ഉദ്ഘാടനവുമായി മുന്നോട്ടു പോകാനൊരുങ്ങി സംസ്ഥാന സര്ക്കാര്. ഇതിന്റെ ഭാഗമായി കോഴി ക്കോട് രാമനാട്ടുകരയില് നിന്നും മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ ആരംഭിക്കും. കാസര്കോട് സി.എച്ച് കുഞ്ഞമ്പും വെങ്ങളത്ത് റിയാസും ഉദ്ഘടാനം ചെയ്യാനാണ് തീരുമാനം. രാമനാട്ടുകര മുതല് വെങ്ങളം വരെ റിയാസ് റോഡ് ഷോ നടത്തും.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതില് പ്രതിഷേധിച്ചാണ് ഈ നീക്കം. ഇത് കേരളത്തെ അപമാനിക്കുന്ന നടപടിയാണെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് എന്നിവര് പ്രതികരിച്ചിരുന്നു. ദേശീയപാത വികസനത്തില് സംസ്ഥാന സര്ക്കാര് നടത്തിയ ഇടപെടലുകള് ജനങ്ങള്ക്ക് അറിയാമെന്നും, ഉദ്ഘാടന ചടങ്ങില് നിന്ന് ഒഴിവാക്കിയതിന് പിന്നില് രാഷ്ട്രീയ അജണ്ടയുണ്ടോ എന്ന് ജനങ്ങള് തീരുമാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങില് നിന്ന് സംസ്ഥാന മന്ത്രിയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സര്ക്കാര് ഈ സമാന്തര പരിപാടി സംഘടിപ്പിക്കുന്നത്.
Kerala
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയപാതാ പുനർനിർമാണ വിഭാഗം സേഫ്റ്റി ഓഫീസറെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തന്നാട്ട് വീട്ടിൽ ടി.ജി. സുരേഷ് കുമാർ
(49) ആണ് അറസ്റ്റിലായത്. മാരാരിക്കുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാർച്ച് ഒൻപതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എൻഎച്ച് സേഫ്റ്റി ഓഫീസറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതിനാണ് സുരേഷ് കുമാറിനെതിരെ ആദ്യം കേസെടുത്തത്.
തുടർന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ അസഭ്യം പറയുകയും കൈവിലങ്ങു കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെ പോലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
മാരാരിക്കുളം സബ് ഇൻസ്പെക്ടർമാരായ എം.ആനന്ദ് , ടി. സുനിൽകുമാർ , സിവിൽ പൊലീസ് ഓഫീസര് സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം.
ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു.
Kerala
തൃശൂർ: ചുമതലയേറ്റ് ഒന്നര വർഷത്തിനുള്ളിൽ കളക്ടർ അർജുൻ പാണ്ഡ്യനെ സ്ഥലംമാറ്റിയതിനു പിന്നിൽ ദേശീയപാതയുമായി ബന്ധപ്പെട്ട കർക്കശ നിലപാടുകളിലെ അതൃപ്തിയെന്നു സൂചന.
ടോൾപിരിവ് വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ച് കർശന നിലപാടുകൾ എടുത്തതാണ് അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണു വിവരം. ദേശീയപാതയ്ക്കുവേണ്ടി മണ്ണെടുപ്പു നടത്തുന്നതിലെ അപാകതയെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതും അതൃപ്തിക്കു കാരണമായി ആരോപിക്കുന്നുണ്ട്.
മികച്ച കളക്ടർക്കും കളക്ടറേറ്റിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി തിളങ്ങിനിൽക്കുന്പോഴാണ് അദ്ദേഹത്തെ കാസർഗോട്ടേക്കു സ്ഥലംമാറ്റിയത്. റവന്യുവകുപ്പിലെ ഉന്നതർപോലും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ചർച്ചയായതു പാലിയേക്കര ടോൾപ്ലാസയിലെ പ്രശ്നങ്ങളും ദേശീയപാതയിൽ അടിപ്പാത നിർമാണങ്ങൾ നടക്കുന്നതിനാലുള്ള യാത്രാദുരിതവുമായിരുന്നു. വൻ ഗതാഗതതടസങ്ങൾ പതിവായതോടെ ടോൾ നിർത്തിവയ്ക്കുന്നതടക്കം ഹൈക്കോടതിയുടെ ഉത്തരവിനു പിന്നിൽ കളക്ടറുടെ ശക്തമായ റിപ്പോർട്ടുകൾക്കു പങ്കുണ്ട്. അടിപ്പാത നിർമാണസ്ഥലങ്ങളിലെ യാത്രാദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കാതെ ടോൾപിരിവ് പാടില്ലെന്നു കളക്ടർ ഉത്തരവിട്ടത് ദേശീയപാതാ അഥോറിട്ടിക്കും കരാർ കന്പനിക്കും തിരിച്ചടിയായിരുന്നു. ഇതു പിൻവലിക്കാൻ ഉന്നതങ്ങളിൽനിന്നു വൻ സമ്മർദമുണ്ടായി.തുടർന്ന് ദേശീയപാത അഥോറിറ്റി നൽകിയ ഉറപ്പിലാണു പിൻവലിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ, സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ എന്നിവയും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ടുകളും സമർപ്പിച്ചു. കളക്ടറുടെ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയതു തൃശൂരിലാണ്. ഇതിനു റവന്യുവകുപ്പിനു സഹായം നൽകിയതിൽ അർജുൻ പാണ്ഡ്യൻ മുന്നിലുണ്ടായിരുന്നു. തൃശൂർ പൂരം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിങ്ങനെ നിരവധി പരിപാടികളും അദ്ദേഹം വിജയകരമായി ഏറ്റെടുത്തു.
വ്യക്തിപരമായി താത്പര്യമെടുത്ത് സിവിൽ സ്റ്റേഷനിൽ മെഡിക്കൽ സെന്റർ, കളക്ടറേറ്റിലെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള പിജിആർ സെന്റർ, കൂടെ, മീറ്റ് ദ കളക്ടർ, കനവ്, ഗെറ്റ് സെറ്റ് തൃശൂർ, ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ, എക്സ്പ്ലോർ തൃശൂർ, സ്വിം ഫോർ ലൈഫ്, സ്മാർട്ട് അങ്കണവാടി, വാ വായിക്കാം, പാരന്റ് അപ്പ്, തിരികെ പദ്ധതി, ജില്ലാ കളക്ടറുടെ ഇന്റേണ്ഷിപ്പ് പ്രോഗ്രാം എന്നിവയും അർജുൻ പാണ്ഡ്യന്റെ കാലയളവിൽ നടപ്പാക്കി.
District News
പേരൂര്ക്കട: ഒരാഴ്ചയ്ക്കിടെ രണ്ടു സംഭവങ്ങള് ഉണ്ടായതോടെ യാത്രക്കാരുടെ പേടിസ്വപ്നവുമായി കരമന ദേശീയ പാത. സിഗ്നല്പോയിന്റ് പിന്നിട്ട് തിരുവനന്തപുരത്തേക്കു വരുന്ന റോഡിലെ വളവാണ് യാത്രക്കാരുടെ അപകടക്കെണിയായി മാറിയിരിക്കുന്നത്.
ഫെബ്രുവരി 20ന് 14-കാരന് ഓടിച്ച കാര് നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. ആണ്കുട്ടിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്കു കയറിയശേഷമാണ് അപകടത്തില്പ്പെട്ടത്. ഇവിടെനിന്നു കഷ്ടിച്ച് 25 മീറ്റര് മാറിയാണ് വീണ്ടുമൊരു അപകടമുണ്ടായിരിക്കുന്നത്.
നെയ്യാറ്റിന്കര സ്വദേശികളായ സജിന്, പ്രണവ്, ഒറീസ സ്വദേശി ബിനയപ്രഥാന് എന്നിവ രാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. മൂന്നുപേര് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി ഫുട്പാത്തിനു സമീപത്തെ മൈല്ക്കുറ്റിയില് ഇടിക്കുകയായിരുന്നു. സിഗ്നല്പോയിന്റ് പിന്നിട്ട് വരുമ്പോഴുള്ള കൊടുംവളവാണ് അപകടത്തിന് ഇടയാക്കുന്നത്.
ഈ ഭാഗത്ത് അപകട സൂചനാ ബോര്ഡുകളോ റിഫ്ളക്ടറുകളോ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്ന്നിട്ടുണ്ട്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുന്നതിനുവേണ്ടി റോഡില് നിന്ന് കോണ്ക്രീറ്റ് ചെയ്ത് ഫുട്പാത്തിലേക്ക് പാതയൊരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വാഹനങ്ങള് നിയന്ത്രണംതെറ്റി കയറി മറിയുന്നത്. തുടര്ച്ചയായുണ്ടായ അപകടങ്ങള് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് കരമന പോലീസ് പറയുന്നു.
District News
കായംകുളം: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന നിർമാണത്തിനിടെ കുടിവെള്ള പൈപ്പുലൈൻ പൊട്ടി വലി യ അളവിൽ ജലം പാഴാകുമ്പോഴും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല . കൊടുംവേനലിൽ നാടാകെ ശുദ്ധജലക്ഷാമം രൂക്ഷമാകുന്പോഴാണ് ദേശീയപാതയിൽ കുടിവെള്ളം പാഴാകുന്നത്.
നിർമാണത്തിനിടെ പൈപ്പുലൈൻ പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് നിർമാണക്കരാർ കമ്പനിയാണ്. എന്നാൽ അവരിത് കണ്ടഭാവമില്ല . കായംകുളം കുന്നത്താലുംമൂട് അടിപ്പാതയ്ക്കും കൃഷ്ണപുരത്തിനും ഇടയിൽ രണ്ട് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി നാളുകളായി കുടിവെളളം പാഴായിക്കൊണ്ടിരിക്കുന്നത്.
ആറുവരിപ്പാതയുടെ കിഴക്കേ അറ്റത്ത് സർവീസ് റോഡിനെ വേർതിരിക്കുന്ന കോൺക്രീറ്റ് ഭിത്തിയോടു ചേർന്ന ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സർവീസ് റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം റോഡിലെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട് .
നിർമാണക്കരാർ കമ്പനിക്കാർ ഈ ഭാഗത്ത് പൊട്ടിയ പൈപ്പുലൈൻ ശരിയാക്കാതെ ആറുവരി അതിവേഗപാതയിൽ ടാറിംഗ് പ്രവൃത്തികളുമായി മുന്നോട്ടുപോകുകയാണ് .
നിർമാണ പ്രവൃത്തികൾ പരിശോധിക്കാനെത്തുന്ന ദേശീയപാത അഥാറിറ്റി ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ പലയിടങ്ങളിലും കുടിവെളളക്ഷാമം രൂക്ഷമാണ്.
പൊട്ടിയ പൈപ്പുലൈനുകളിൽ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കൊല്ലം: കേരളത്തിലെ ദേശീയപാത 66 ല് മണ്ണുകൊണ്ട് നിര്മിച്ച (എര്ത്ത് റിട്ടെയ്നിംഗ് വാള്) ഉയരപ്പാതകളില് 40 ശതമാനത്തോളം പില്ലറില് തീര്ത്ത ഉയരപ്പാതകളാക്കി മാറ്റാനുളള നടപടികള് പുരോഗമിച്ചു വരുന്നതായി എന്.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ന്യൂഡല്ഹിയില് ദേശീയപാത അഥോറിറ്റി അധികൃതരുമായി നടത്തിയ ചര്ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. മണ്ണില് നിര്മ്മിച്ച ഉയരപ്പാതകളുടെ ഉയരവും നിര്മ്മാണ സ്ഥലത്തെ മണ്ണിന്റെയും ഭൂഘടനയുടെയും സ്വഭാവവും ഗുണനിലവാരവും വിലയിരുത്തിയുളള ശാസ്ത്രീയമായ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില് ഏതൊക്കെ ഉയരപ്പാതകളാണ് പുനര്നിര്മ്മിക്കേണ്ടതെന്ന് തീരുമാനമെടുക്കുന്നതെന്നും അധികൃതര് അറിയിച്ചു. 40ശതമാനം വരുന്ന മണ്ണ് കൊണ്ട് നിർമിച്ച ഉയരപ്പാതകള് പില്ലറില് തീര്ത്ത പാതകളായി മാറ്റുവാന് ഏകദേശം 3500 കോടി രൂപയുടെ അധികചെലവാണ് കണക്കാക്കിയിരിക്കുന്നത്.
കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപം മണ്ണില് തീര്ത്ത ഉയരപ്പാത തകര്ന്നതിനെ തുടര്ന്ന് പകരം പില്ലറില് തീര്ത്ത ഉയരപ്പാത നിര്മ്മിക്കണമെന്ന് കേന്ദ്ര ദേശീയപതാ ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്ഗരിയോട് ആവശ്യപ്പെടുകയും വിഷയം ലോകസഭയില് ഉന്നയിക്കുകയും ചെയ്തിരുന്നു.
ലോകസഭയില് മന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് മണ്ണില് തീര്ത്ത ഉയരപ്പാതകള്ക്ക് പകരം പില്ലറില് തീര്ത്ത ഉയരപ്പാതകള് നിര്മ്മിക്കുന്നതിനുളള പരിശോധനയും പഠനവും തുടര് നടപടികളും ആരംഭിച്ചത്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഭൂപ്രകൃതിയുടേയും മണ്ണിന്റേയും സ്വഭാവവും ഗുണനിലവാരവും ഇത്തരത്തിലുളള നിര്മ്മാണത്തിന് അനുയോജ്യമല്ലായെന്നുളളതും മൈലക്കാട്ടെ പാത തകര്ന്നതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
മണ്ണുകൊണ്ട് നിര്മ്മിച്ച ഉയരപ്പാതകള് പൂര്ണ്ണമായും പില്ലറില് തീര്ത്ത ഉയരപ്പാതകളായി മാറ്റണമെന്നും എന്.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
District News
തൊടുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മുതല് വാളറ വരെയുള്ള 13.5 കിലോമീറ്റര് ഭാഗത്തെ നിര്മാണപ്രവര്ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 14ന് അടിമാലിയില് ജനകീയ സമരസമിതിയുടെ നേതൃത്വത്തില് നടത്തുന്ന സമരത്തിന് പൂര്ണപിന്തുണ നല്കുമെന്ന് ഡീന് കുര്യാക്കോസ് എംപി അറിയിച്ചു. പാതയ്ക്ക് ആവശ്യത്തിന് വീതി ഉറപ്പാക്കി നിര്മാണപ്രവര്ത്തനങ്ങള് അനുവദിക്കാനുള്ള അവസരം സര്ക്കാര് പാഴാക്കിയതായും എംപി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില് അവസാനമായി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവനുസരിച്ച് സര്ക്കാര് തെറ്റുതിരുത്തി നല്കിയ സത്യവാങ്മൂലത്തില് ബോധ്യപ്പെടുത്തിയിട്ടുള്ള 30 മീറ്റര് വീതിയില് നിര്മാണ പ്രവര്ത്തനങ്ങള് തുടരാമായിരുന്നു. സ്വകാര്യവ്യക്തി പ്രസ്തുത മേഖല വനമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള് അതിനനകൂലമായി ചീഫ് സെക്രട്ടറി കഴിഞ്ഞ മാര്ച്ചില് സത്യവാങ്മൂലം സമര്പ്പിച്ചതാണ് പദ്ധതി അട്ടിമറിക്കപ്പെടാന് കാരണമായത്.
1938ല് ഈ ഭാഗം റോഡായി നിശ്ചയിച്ചത് 30 മീറ്റര് വീതിയിലായിരുന്നു. 1996-ല് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയ രേഖയിലും ഇതു സാധൂകരിക്കുന്നു. ഈ യാഥാര്ഥ്യങ്ങള് മറച്ചുവച്ച് ചീഫ് സെക്രട്ടറി അന്ന് ഹര്ജിക്കാരനൊപ്പം ചേര്ന്ന് പദ്ധതി മരവിപ്പിക്കാന് കൂട്ടുനില്ക്കുകയായിരുന്നു.
2025 ജൂലൈയില് പാതയുടെ നിര്മാണം തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്ന്ന് ജനങ്ങള് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബറിലെ ഉത്തരവനുസരിച്ച് സര്ക്കാരിന് നിര്മാണപ്രവര്ത്തനങ്ങള് തുടരാന് സാധിക്കുമായിരുന്നു. ജില്ലാ കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും പ്രദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് രേഖകള് സഹിതം റിപ്പോര്ട്ട് നല്കാന് ചീഫ് സെക്രട്ടറി നിര്ദേശിച്ചിട്ടുണ്ട്.
1938ല് രാജഭരണകാലത്ത് നോട്ടിഫിക്കേഷന് പുറപ്പെടുവിച്ചതും 1996ല് സര്ക്കാര്തന്നെ ഉത്തരവ് പുറപ്പെടുവിച്ചതും കഴിഞ്ഞ നാളുകളില് ഹൈക്കോടതിയില് ഈ നടപടി ശരിവച്ച് നല്കിയ സത്യവാങ്മൂലത്തിനു യാതൊരു പ്രസക്തിയുമില്ലാത്ത തരത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും എംപി കുറ്റപ്പെടുത്തി.
Kerala
കൽപ്പറ്റ: ദേശീയപാത 766ല് തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്മിക്കുന്നതിനു സാധ്യത പഠിക്കാന് കേന്ദ്ര ഗതാഗത, റെയില്വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തി സംയുക്ത വര്ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്ലമെന്റ് മണ്ഡലത്തില് സെന്ട്രല് റോഡ് ഇന്ഫ്രാസ്ട്രചര് ഫണ്ടില്നിന്ന്(സിആര്ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്ക്ക് അംഗീകാരം നല്കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള് ഉള്പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര് 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഡിസംബര് 19ന് എംപി നേരില്ക്കണ്ടപ്പോള് കത്തിലെ ആവശ്യങ്ങള് അനുഭാവപൂര്വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന് തുരങ്ക പാത നിര്മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്ചുവട്-പത്തനാപുരം(14 കിലോമീറ്റര്, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്, 26 കോടി)റോഡുകള്ക്കാണ് സിആര്ഐഎഫ് സ്കീമില് അംഗീകാരം.
താമരശേരി ചുരത്തില് നിരന്തരം മണ്ണിടിച്ചില് ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്ഘകാല പ്രവൃത്തികള് സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്ദേശം നല്കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്പിന് വളവുകള് വികസിപ്പിക്കുന്നതിനു കരാര് നല്കി.
2027 ഫെബ്രുവരിയില് പണി പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ദേശീയപാത അഥോറിറ്റിക്ക് നിര്ദേശം നല്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എംപി കോടതി വിധിച്ച ശിക്ഷ പൂർത്തിയാക്കി. പാലക്കാട് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ഉത്തരവിട്ടത്.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധത്തിൽ എടുത്ത കേസിലാണ് ഷാഫിയെ കോടതി ശിക്ഷിച്ചത്. 2022 ജൂൺ 24ന് കസബ പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഒമ്പതാം പ്രതിയായ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
District News
കൊച്ചി: നോര്ത്ത് പരവൂര് പെരുമ്പടന്ന ദേശീയ പാതയില് യൂടേണ് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്മാണവുമായി ബന്ധപ്പെട്ട് സര്വീസ് റോഡില് പറവൂര് പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ് അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള് ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന് നിര്ദിഷ്ട സ്ഥലത്ത് യു ടേണ് അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്ന്ന് വാഹനങ്ങള്ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്, ഇതില് കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര് ഭാഗത്തിന് തെക്കുവശത്തുള്ള സര്വീസ് റോഡുകള് വന്നു നില്ക്കുന്നതു പുഴയില് അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര് ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്വീസ് റോഡിലേക്ക് ഇറങ്ങിയാല് തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
District News
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (എൻഎച്ച് 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള ഭാഗത്ത് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനവാസമേഖലകളിലെ ആഘാതവും കണക്കിലെടുത്താണ് ഈ പുതിയ നിർദേശം.
നിലവിലുള്ള പാത വികസിപ്പിക്കുന്നതിനു പകരം ജനജീവിതത്തെയും കൃഷിയിടങ്ങളെയും കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്ന -ഗ്രീൻഫീൽഡ് - സാധ്യതകൾ കൂടി പഠനവിധേയമാക്കാൻ എംപി ആവശ്യപ്പെട്ടു.
ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ദേശീയപാതാ അധികൃതരെയും എംപി നേരിട്ട് അറിയിച്ചിട്ടുണ്ട്. നിലവിലെ റോഡ് വികസനവും ഗ്രീൻഫീൽഡ് ഹൈവേയും താരതമ്യം ചെയ്ത ശേഷം മാത്രമേ അന്തിമ രൂപരേഖ തയാറാക്കൂ.
എന്നാൽ, 2025 ജൂൺ 4ന് മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണ് നിലവിൽ പാത വികസനത്തിന് മുൻഗണന ലഭിക്കാൻ കാരണമെന്നും എംപി കുറ്റപ്പെടുത്തി.
മധ്യകേരളത്തിന്റെ വികസനത്തിന് ഈ പാത അനിവാര്യമാണ്. എന്നാൽ, വികസനത്തിന്റെ പേരിൽ സാധാരണക്കാരുടെ സ്വത്തും വാസസ്ഥലങ്ങളും അനാവശ്യമായി നഷ്ടപ്പെടരുത്. നീതിയുക്തമായ പരിഹാരത്തിനായി കേന്ദ്രത്തിൽ തുടർച്ചയായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഡിപിആർ നടപടികൾ ആരംഭിച്ചു.
ദേശീയപാത 183 നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി രേഖ തയാറാക്കാൻ കൺസൾട്ടന്റ് കമ്പനികളെ കണ്ടെത്താനുള്ള നടപടികൾ ദേശീയപാതാ അഥോറിറ്റി ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾക്കുശേഷം മാത്രമേ പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കുകയുള്ളൂ.
വാണിജ്യ-കാർഷിക-വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള പദ്ധതിയായതിനാൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് എംപി പറഞ്ഞു.
District News
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീ ടാറിംഗ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റീ ടാറിംഗ് നടത്തിയത്.
ഈ ഭാഗത്താണ് ടാറിംഗ് ഇളകി പോയിരിക്കുന്നത്. ഈ ഭാഗത്തെ അപാകത പരിഹരിച്ച് ടാറിംഗ് വീണ്ടും നടത്തണമെന്നും റോഡ് തകർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയിൽ റീ ടാറിംഗ് നടത്തിയിട്ട് കാലങ്ങളായി.
നിലവിലുളള ദേശീയപാത വീതി കൂട്ടുകയോ, റീ ടാറിംഗ് നടത്തുകയോ ചെയ്തിട്ട് വർഷങ്ങളായി. പരാതി ഉയർന്നതോടെയാണ് റോഡ് നവീകരണം നടത്തിയത്. കുഴിയടയ്ക്കല് കാരണം റോഡ് ഉയര്ന്നും താഴ്ന്നുമാണുള്ളത്.
Kerala
തിരുവനന്തപുരം: കേരളത്തില് ദേശീയ പാത നിർമാണത്തില് പൂർത്തിയാകാനുള്ള മേല്പാലങ്ങള് ഇനി തൂണുകളില് നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള സംരക്ഷണ ഭിത്തി മോഡലിന് പകരമായാണ് തൂണുകളില് മേല്പാലങ്ങള് പണിയുന്നത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സർവീസ് റോഡുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്നമുണ്ടായിരുന്നു.
ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ മേൽപ്പാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്.